vasanthakumar

കൽപ്പറ്റ: പുൽവാമയിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ് ഹവിൽദാർ വി.വി.വസന്തകുമാറിന്റെ മരിക്കാത്ത ഓർമ്മയിൽ നാട് ഒത്തുചേർന്നു. ഇന്നലെ രക്തസാക്ഷി ദിനത്തിൽ തൃക്കൈപ്പറ്റയിൽ വാഴക്കണ്ടി തറവാട്ട് വളപ്പിലെ സ്മൃതിമണ്ഡപത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറു കണക്കിനാളുകൾ പുഷ്പാർച്ചന നടത്തി.

വസന്തകുമാറിന്റെ ഭാര്യ ഷീനയും മക്കളായ അനാമിക, അമർദീപ് എന്നിവരും വസന്തകുമാറിന്റ അമ്മ ശാന്തയും മറ്റു കുടുംബാംഗങ്ങളുമെല്ലാം വിതുമ്പലടക്കാൻ പാടുപെടുകയായിരുന്നു.

വസന്തകുമാർ പഠിച്ച ലക്കിടി ഗവ. എൽ.പി. സ്‌കൂളിൽ വൈത്തിരി ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു അനുസ്മരണച്ചടങ്ങ്. സി.കെ. ശശീന്ദ്രൻ എം.എൽ.എ, ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള, വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് വി. ഉഷാകുമാരി, സി.ആർ.പി.എഫ് മേജർ വാഞ്ചീവ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു. വൈത്തിരിയിലും അനുസ്മരണയോഗമുണ്ടായിരുന്നു.

കഴിഞ്ഞ വർഷം ഫെബ്രുവരി 14 നാണ് പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ വസന്ത് കുമാർ രാജ്യത്തിനായി വീരമൃത്യു വരിച്ചത്. പൂക്കോടുള്ള കേരള വെറ്ററിനറി സർവകലാശാലയിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ താത്കാലിക ജീവനക്കാരിയായിരുന്ന ഷീനയ്ക്ക് പിന്നീട് സംസ്ഥാന സർക്കാർ സ്ഥിരനിയമനം നൽകുകയായിരുന്നു. രണ്ടു മക്കളും കല്പറ്റ കേന്ദ്രീയ വിദ്യാലയത്തിലാണ് പഠിക്കുന്നത്. സംസ്ഥാന സർക്കാർ ഇവർക്കായി അനുവദിച്ച വീടിന്റെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്.