kerala-police

കോഴിക്കോട്: വ്യാപാരികളുടെ സഹകണത്തോടെ കോഴിക്കോടിനെ 'ക്രൈം ഫ്രീ നഗര"മാക്കാൻ സിറ്റി പൊലീസൊരുങ്ങുന്നു. സിറ്റിയിലെ സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്നലെ വൈകിട്ട് പൊലീസ് ക്ളബിൽ കമ്മിഷണർ എ.വി. ജോർജ്ജ് വിളിച്ച യോഗത്തിലാണ് തീരുമാനം. നഗരത്തിലെ വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികൾ തങ്ങളുടെ അഭിപ്രായങ്ങൾ വിവരിച്ചു.

നിർദ്ദേശങ്ങളോട് അനുകൂലമായി പ്രതികരിച്ച കമ്മിഷണർ രണ്ട് അഭിപ്രായങ്ങളോട് വിയോജിച്ചു. കുട്ടികളിലെ മയക്കു മരുന്നിന്റെ ഉപയോഗം തടയാൻ പൊലീസ് ഇടപെടണമെന്ന നിർദ്ദേശം പ്രാവർത്തികമാക്കാൻ പ്രായോജിക ബുദ്ധിമുട്ടുണ്ടെന്ന് കമ്മിഷണർ പറഞ്ഞു. മയക്കുമരുന്ന് എത്തിക്കുന്നവരെ പിടിക്കാൻ ഇടപെടും. കുട്ടികളിലെ മയക്ക് മരുന്നുമരുന്നിന്റെ ഉപയോഗം തടയാൻ രക്ഷാകർത്താക്കൾ ജാഗ്രത പാലിക്കണം.

നഗരത്തിലെ ഓട്ടോത്തൊഴിലാളികൾക്കെതിരായ വിമർശനവും അദ്ദേഹം അംഗീകരിച്ചില്ല. മറ്റിടങ്ങളിൽ നിന്ന് ജോലി തേടി നഗരത്തിലെത്തുന്നവരിൽ ഒരു വിഭാഗം കുഴപ്പക്കാരാണ്. പക്ഷേ സംസ്ഥാനത്തെ ഏറ്റവും മര്യാദക്കാരായ ഓട്ടോത്തൊഴിലാളികൾ കോഴിക്കോട്ടാണുള്ളത്. കുഴപ്പക്കാരായ ഓട്ടോറിക്ഷക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എ.വി. ജോർജ്ജ് പറഞ്ഞു. യോഗത്തിൽ സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ എ.കെ. ജമാലുദ്ദീനും പങ്കെടുത്തു.

യോഗം അംഗീകരിച്ച നിർദ്ദേശങ്ങൾ

 വ്യാപാരികളുടെ സഹകരണത്തോടെ നഗരത്തിന്റെ എല്ലാ ഭാഗത്തും സി.സി ടിവി കാമറകൾ സ്ഥാപിക്കും.

 വാണിജ്യ സ്ഥാപനങ്ങളിലെ കാമറകളിൽ ഒരെണ്ണം പൊതു റോഡുകളിലേക്ക് ഫോക്കസ് ചെയ്യും.

 വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലെ ഒരു ലൈറ്റ് രാത്രിയിലും പ്രകാശിപ്പിക്കാൻ ആവശ്യപ്പെടും.

 കുറ്റകൃത്യങ്ങൾ തടയുന്നതിന് നഗരത്തിലെ എല്ലാ സെക്യൂരിറ്റി ജീവനക്കാർക്കും ഘട്ടംഘട്ടമായി പൊലീസ് പരിശീലനം.

 കുറ്റകൃത്യങ്ങൾ കണ്ടാൽ പൊലീസിൽ വേഗത്തിൽ അറിയിക്കാനുള്ള വാട്‌സ് അപ്പ് നമ്പർ പൊതുജനങ്ങളെ മാദ്ധ്യമങ്ങളിലൂടെ അറിയിക്കും.

 വാഹനാപകടങ്ങൾ കൂടുതലുള്ള സ്ഥലങ്ങളിൽ സ്‌പോട്ട് ലൈറ്റ് സ്ഥാപിക്കും.

 നഗരത്തിലെ വൻകിട വ്യാപാര സ്ഥാപനങ്ങളിൽ അഗ്നി സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കണമെന്ന നിർദ്ദേശം കർശനമാക്കും.

 അനധികൃത പാർക്കിംഗ് തടയും.

 ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ പൊലീസ് ഇടയ്‌ക്കിടെ പരിശോധന നടത്തും.