kunnamangalam-news

കുന്ദമംഗലം: പയമ്പ്ര പൊയിൽതാഴം ഗവ.വെൽഫെയർ എൽ.പി സ്കൂൾ 78-ാം വാർഷികം ഇന്ന് നടക്കും. വൈകിട്ട് 5ന് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. എം.കെ.രാഘവൻ എംപി മുഖ്യാതിഥിയായിരിക്കും.

പിന്നാക്ക ദളിത് വിഭാഗക്കാരുടെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി 1942ൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിൽ ഇപ്പോൾ നാല് അദ്ധ്യാപകരും 31 വിദ്യാർത്ഥികളുമാണുള്ളത്. കുരുവട്ടൂർ ഗ്രാമ പഞ്ചായത്തിൽ സ്മാർട്ട് ക്ലാസുകളുള്ള ഏക സർക്കാർ എൽ.പി.സ്ക്കൂളാണ്. പി ടി എയുടെ നേതൃത്വത്തിൽ സ്കൂളിനെ പഴയ പ്രതാപത്തിലേക്ക് എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. വർഷങ്ങളോളം വാടകകെട്ടിടത്തിലായിരുന്ന സ്കൂളിന് ഇപ്പോൾ സ്വന്തമായി മുപ്പത് സെന്റ് സ്ഥലവും ആധുനികരീതിയിലുള്ള കെട്ടിടസൗകര്യവുമുണ്ട്.

വാർത്താ സമ്മേളനത്തിൽ വാർഡ് മെമ്പർ പി.ഭാസ്കരൻ, ഹെഡ്മാസ്റ്റർ വി.പി.അബ്ദുൾകരീം, കെ.പി. രമേശൻ എന്നിവർ സംബന്ധിച്ചു.