kozhikode-district-pancha

കോഴിക്കോട്: പുഴ ടൂറിസം സാദ്ധ്യതകൾ, പ്രളയാനന്തര കാഴ്ചകൾ, പുനർനിർമാണ രീതികൾ എന്നിവയെക്കുറിച്ച് വിശദമായ പഠനം നടത്താനൊരുങ്ങി കോഴിക്കോട് ജില്ലാ പഞ്ചായത്ത്. നദീജല ടൂറിസം വികസനസാദ്ധ്യതകൾ ചർച്ച ചെയ്യുന്നതിന് ഏകദിന ശില്പശാല സംഘടിപ്പിച്ചു. കവണക്കല്ല് റഗുലേറ്റർ ബ്രിഡ്ജിൽ നിന്ന് ആരംഭിച്ച് ചാലിയാർ, ഇരവഞ്ഞിപ്പുഴ മുക്കം വരെ ബോട്ടിൽ യാത്ര ചെയ്താണ് ശില്പശാല സംഘടിപ്പിച്ചത്. ജനപ്രതിനിധികൾക്കൊപ്പം ഉദ്യോഗസ്ഥരും പുഴ സംരക്ഷണ സമിതി പ്രവർത്തകരും പഠനസംഘത്തിലുണ്ടായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ശില്പശാല ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, സ്വകാര്യവ്യക്തികൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു.

ചാലിയാർ, ഇരുവഞ്ഞിപുഴ ഭാഗത്ത് മണലെടുത്ത് ജീവിക്കുന്ന മണൽ തൊഴിലാളികൾക്ക് അവരുടെ തോണി ഉപയോഗിച്ച് വിനോദസഞ്ചാര യാത്ര സംഘടിപ്പിക്കൽ, ചാലിയാറിന്റെ തീരത്തെ അനുയോജ്യ വീടുകളിൽ പേയിംഗ് ഗസ്റ്റ് സംവിധാനമൊരുക്കൽ തുടങ്ങിയവയുടെ സാദ്ധ്യതകൾ ചർച്ച ചെയ്തു.
വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, സെക്രട്ടറി ഇൻ ചാർജ് വി. ബാബു, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സി.കെ അജിത, ക്ഷേമകാര്യ ചെയർപേഴ്‌സൺ സുജാത മനയ്ക്കൽ , ജില്ലാ പഞ്ചായത്ത് മെബർമാരായ എ.കെ ബാലൻ, അഹമ്മദ് പുന്നക്കൽ, സി.കെ കാസിം, ഷറഫുന്നീസ, എം.പി അജിത, വി. ഷക്കീല, വി.ടി ഉഷ, ഭാനുമതി, ജുമൈലത്ത്, ശ്രീജ പുല്ലിരിക്കൽ, പി.കെ ശാലിനി , രജനി തടത്തിൽ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയിൽ, ഗ്രീൻഗാർഡൻ നാസർ എക്കോടൻ, ആസാദ് മുക്കം എന്നിവർ പങ്കെടുത്തു. ഹാമിദലി വാഴക്കാട് പുഴ പഠനത്തിന് നേതൃത്വം നൽകി.