theft

രാമനാട്ടുകര: ദുബായിയിൽ നിന്ന് കരിപ്പൂരിൽ വിമാനമിറങ്ങി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്കു പോകുകയായിരുന്ന കാസർകോട് സ്വദേശികളെ വഴിയിൽ തടഞ്ഞ് അഞ്ചു പവൻ സ്വർണവും പണവും കവർന്നു. ഉദുമ ബാര പാക്കിയാര വീട്ടിൽ അബ്ദുൽ സത്താർ(38), ഉദുമ ബാര നാലാം വാതുക്കൽ വീട്ടിൽ സന്തോഷ് (38) എന്നിവരെയാണ് കൊള്ളയടിച്ചത്.

വ്യാഴാഴ്‌ച രാത്രി പത്തരയോടെ കരിപ്പൂരിലെത്തിയ ഇവർ ഓട്ടോറിക്ഷയിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് വരുന്നതിനിടെ രാത്രി 12ന് രാമനാട്ടുകരക്കും വൈദ്യരങ്ങാടിക്കും ഇടയിൽ ദേശീയ പാതയിൽ വെച്ച് രണ്ടു കാറുകളിലെത്തിയ മൂന്നംഗ സംഘം തടയുകയായിരുന്നു.

കസ്റ്റംസ് ഉദ്യോഗസ്ഥർ എന്ന വ്യാജേനയാണ് ഓട്ടോ തടഞ്ഞത്. തുടർന്ന് ഓട്ടോയുടെ വാടക കാറുകളെത്തിയവർ തന്നെ നൽകി. ഓട്ടോറിക്ഷ മടക്കിയ അയച്ച ശേഷം അബ്ദുൽ സത്താറിനെയും സന്തോഷിനെയും ചോദ്യം ചെയ്യണമെന്ന് പറഞ്ഞു കാറിൽ കയറ്റി.

തുടർന്ന് ഇന്നലെ പുലർച്ചെ 3.20 ഓടെ മലപ്പുറത്തെ ചേളാരിയിൽ ഇരുവരേയും ഇറക്കി വിട്ടു. ഇതിനിടെ ഇരുവരുടെയും കൈയിലുണ്ടായിരുന്ന രണ്ടു ബ്രൈസ് ലൈറ്റ്, മോതിരങ്ങളും അക്രമിസംഘം തട്ടിയെടുത്തു. 30,000 രൂപയും വാങ്ങിയതായി ഇവർ പൊലീസിനോട് പറഞ്ഞു.

ഫറോക്ക് സി.ഐ കെ. കൃഷ്ണനാണ് അന്വേഷണ ചുമതല. കാറിനെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഗൾഫ് യാത്രക്കാരെയും കുറിച്ചും അന്വേഷിക്കുന്നുണ്ട്.