corona-virus

കോഴിക്കോട്: ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിനെതിരെ മാജിക് ബോധവത്കരണവുമായി മജിഷ്യന്‍ ദയാനിധി. കാലിക്കറ്റ് പ്രസ്‌ക്ലബ്ബിന്റെ സഹകരണത്തോടെ തെരുവ് മാജിക്കിലൂടെയാണ് ദയാനിധി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയത്.
കാണികളില്‍ നിന്ന് രണ്ടുപേരെ അദ്ദേഹം തന്റെ അടുത്തേക്ക് വിളിച്ചു. ഇരുവരും ചേര്‍ന്ന് മജീഷ്യന്റെ കൈയും കാലും കെട്ടിയിട്ടു. കാണികളിലൊരാള്‍ കറുത്ത തുണികൊണ്ട് കെട്ടിയ കൈ മറച്ചു. നിമിഷനേരം കൊണ്ട് കെട്ടിയ കൈ വെളിയില്‍ എടുത്തു. വീണ്ടും കറുത്ത തുണികൊണ്ട് മറച്ചു. പിന്നീട് തുറന്നു നോക്കുമ്പോള്‍ കെട്ട് അഴിച്ചതായി കാണുന്നില്ല. കൊറോണ വൈറസിന്റെ പ്രച്ഛന്നരൂപം മജീഷ്യന്റെ ഇരുകൈകളും ചുവപ്പുനാട കൊണ്ട് കെട്ടിയിട്ടു. പക്ഷെ ആ കെട്ട് മായാജാലം കൊണ്ട് അഴിച്ചെടുക്കാന്‍ സാധിക്കില്ല. വൈറസുകളെ പ്രതിരോധിക്കാന്‍ വ്യക്തിശുചിത്വം മാത്രമാണ് വേണ്ടതെന്ന സന്ദേശം നല്‍കുകയായിരുന്നു മജിഷ്യൻ.
കോയമ്പത്തൂര്‍ സ്വദേശിയായ ദയാനിധി 1996ല്‍ ഐ ടി ഐയില്‍ ഡിപ്ലോമ പഠനം കഴിഞ്ഞാണ് മാജിക്കിലേക്ക് തിരിഞ്ഞത്. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നായിരുന്നു പഠനം. യൂറോപ്യന്‍ ചാമ്പ്യന്‍പട്ടം ഉള്‍പ്പെടെ മാജിക്കുമായി ബന്ധപ്പെട്ട് നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തും ഇതിനോടകം നിരവധി കാമ്പയിനുകള്‍ക്കും രംഗത്തെത്തി.

ബീച്ചില്‍ നടന്ന ബോധവത്കരണ മാജിക് പ്രദര്‍ശനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രസ്‌ ക്ലബ്ബ് സെക്രട്ടറി പി.എസ് രാകേഷ് അദ്ധ്യക്ഷനായിരുന്നു. പത്രപ്രവര്‍ത്തക യൂനിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, പ്രസ്‌ ക്ലബ്ബ് ട്രഷറര്‍ ഇ.പി മുഹമ്മദ്, ജോയിന്റ് സെക്രട്ടറി കെ.പി ഫസ്ന ഫാത്തിമ, ബഷീര്‍ കൊടിയത്തൂര്‍ എന്നിവർ സംബന്ധിച്ചു.