വടകര: പട്ടാപ്പകൽ വീട്ടിൽ കടന്നുകയറി 65-കാരിയെ കൊടുവാൾ കൊണ്ടു വെട്ടിപ്പരിക്കേല്പിച്ച ശേഷം ദേഹത്തുണ്ടായിരുന്ന പത്തു പവനോളം ആഭരണങ്ങൾ കവർന്നു. ഇന്നലെ ഉച്ചയ്ക്ക് ഓർക്കാട്ടേരി എളങ്ങോളിയിലെ കാർഗിൽ ബസ് സ്റ്റോപ്പിനു സമീപം പുതുശ്ശേരി പറമ്പത്ത് മൂസ്സയുടെ ഭാര്യ അലീമയാണ് അക്രമത്തിനും പിടിച്ചുപറിക്കും ഇരയായത്. പ്രതിയെന്ന് സംശയിക്കപ്പെടുന്ന ഇവരുടെ അകന്ന ബന്ധത്തിൽ പെട്ട സ്ത്രീ പൊലീസ് കസ്റ്റഡിയിലായതായി അറിയുന്നു.
ഇതേ വീട്ടിലെ കൊടുവാൾ ഉപയോഗിച്ചാണ് അലീമയെ കഴുത്തിലും തലയിലും വെട്ടിയത്. സാരമായി പരിക്കേറ്റ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അലീമയുടെ വളകളും മാലയും കാതിലെ അലിക്കത്തുകളുമാണ് പിടിച്ചു പറിച്ചത്.
സംഭവസമയത്ത് അലീമ മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളൂ. ഭർത്താവ് മൂസ്സ പള്ളിയിൽ പോയതായിരുന്നു. മടങ്ങുന്നതിനിടെ അയൽവീട്ടിലെ കുട്ടിയുടെ സുന്നത്ത് ചടങ്ങിലും പങ്കെടുത്ത് രണ്ട് മണിയോടെയാണ് തിരിച്ചെത്തിയത്. ചോര വാർന്ന്, വായിൽ തുണി തിരുകിയ നിലയിൽ അർദ്ധബോധാവസ്ഥയിലാണ് അലീമയയെ കാണുന്നത്. ഉടനെ തന്നെ അയലത്തുകാരെ വിളിച്ചുകൂട്ടി അലീമയെ വടകരയിലെ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് വൈകാതെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വീട്ടിലെ അലമാരയും രണ്ട് സൂട്ട്കെയ്സുകളും തുറന്നു കിടന്ന നിലയിലായിരുന്നു. ഇവയിൽ നിന്ന് എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് അറിവായിട്ടില്ല.
മൂസ്സ - അലീമ ദമ്പതികൾക്ക് രണ്ട് ആൺമക്കളും ഒരു മകളുമാണുള്ളത്. ഇവർ വിവാഹിതരായി വേറെയാണ് താമസം. ഉച്ചയ്ക്ക് 12 മണി വരെ മകൾ സുലേഖയുടെ മകൻ അസ്ലം ഇവിടെ വളപ്പിൽ കുരുമുളക് പറിക്കുന്നുണ്ടായിരുന്നു. പള്ളിയിൽ നിസ്കാരസമയമായപ്പോൾ അസ്ലമും പോയി.
കോഴിക്കോട് റൂറൽ എസ് പി ഡോ.എ ശ്രീനിവാസ്, ഡിവൈ.എസ്.പി പ്രിൻസ് അബ്രഹാം എന്നിവരും എടച്ചേരി, ചോമ്പാല സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും പെട്ടെന്ന് സംഭവസ്ഥലത്തെത്തിയിരുന്നു. ഡോഗ് സ്ക്വാഡിനു പുറമെ ഫിങ്കർ പ്രിന്റ് വിദഗ്ദരും പിറകെയെത്തി. പൊലീസ് നായ വീട്ടിൽ നിന്ന് മണം പിടിച്ച് കുളിമുറിയുടെ ഭാഗത്ത് കൂടി വളപ്പിന്റെ പിറകിലൂടെ ഏതാണ്ട് 300 മീറ്റർ ദൂരം ഓടി എം.ഇ.എസ് സ്കൂൾ ഭാഗത്തേക്ക് തിരിയുന്ന ടാറിട്ട റോഡിൽ എത്തി നിൽക്കുകയായിരുന്നു.