സുൽത്താൻ ബത്തേരി: ചുള്ളിയോട് ഗാന്ധി സ്മാരക സ്‌പോർട്സ് അക്കാഡമിയും വയനാട് വിഷനും സംയുക്തമായി നടത്തുന്ന എട്ടാമത് ലിവ അഖിലേന്ത്യ ഫൈസ് ഫുട്‌ബോൾ മേള ഇന്ന് വൈകീട്ട് 6 മണിക്ക് ചുള്ളിയോട് ഫ്ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഫുട്‌ബോൾ മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അസ്മത്തും ഗ്യാലറിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പി.കെ. അനിൽകുമാറും നിർവ്വഹിക്കും.
മൽസരത്തിന് മുമ്പായി സ്റ്റേഡിയത്തിൽ ആലുവ കൃഷ്ണകുമാർ, കലാഭവൻ ഗോപകുമാർ, പട്ടുറുമാൽ ഫെയിം മുബീന മെഹസിൻ എന്നിവർ നയിക്കുന്ന ഗാനമേള അരങ്ങേറും.

അംഗീകൃത ക്ലബ്ബുകളിൽ നിന്ന് ജെഴ്സി അണിഞ്ഞ് എത്തുന്ന ടീമുകൾക്ക് മൽസരം സൗജന്യമായി കാണാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. നാല് മൽസരമാണ് ഒരു ദിവസം നടക്കുക. പ്രാദേശിക തലത്തിലും അഖിലേന്ത്യതലത്തിലുമുള്ള മൽസരങ്ങൾ ഉണ്ടായിരിക്കും.
അഖിലേന്ത്യ മൽസരത്തിലെ ഒന്നാം സ്ഥാനക്കാർക്ക് ശാന്ത കിഴക്കേകോറംപള്ളി മെമ്മോറിയൽ ട്രോഫിയും 30000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് ജോസ്‌വി ഗോൾഡ് നൽകുന്ന 25000 രൂപയും ജില്ലാ അടിസ്ഥാനത്തിലുള്ള പ്രാദേശിക മൽസര വിജയികൾക്ക് ഫവാസ് കുരിയാടൻ ആൻഡ് നിഖിൽകുരിയാൻ മെമ്മോറിയൽ ട്രോഫിയും 10000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് ലീലാമ്മ പൈലി ഐക്കരക്കുന്നത്ത് മെമ്മോറിയൽ ട്രോഫിയും 5001 രൂപയും നൽകും.

വാർത്താ സമ്മേളനത്തിൽ ക്ലബ്ബ് സെക്രട്ടറി കെ.സി.ഗംഗാധരൻ, സ്‌പോർട്സ് അക്കാഡമി സെക്രട്ടറി എൽ.എ.സോളമൻ, ക്ലബ്ബ് വൈസ് പ്രസിഡന്റ് കെ.ബി.മദൻലാൽ, അക്കാഡമി ട്രഷറർ ജോയ് ഐക്കരക്കുന്നത്ത് എന്നിവർ പങ്കെടുത്തു.