മുക്കം: നിരോധിച്ച പ്ലാസ്റ്റിക് കവറുകൾ കയ്യൊഴിയാൻ കച്ചവടക്കാർക്കും നാട്ടുകാർക്കും ഇപ്പോഴും മടി. എന്നാൽ പ്ലാസ്റ്റിക് ഉപയോഗത്തിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി മുക്കം നഗരസഭ കൂടുതൽ സജീവമായി. ചെയർമാന്റെ നേതൃത്വത്തിൽ സെക്രട്ടറിയും ആരോഗ്യ വിഭാഗം ജീവനക്കാരും കൺസിലർമാരുമടങ്ങുന്ന സംഘം ഇന്നലെ ബസ് സ്റ്റാൻഡുകളിലും മാർക്കറ്റുകളിലും അങ്ങാടിയുടെ വിവിധ ഭാഗങ്ങളിലും പരിശോധന നടത്തി. പ്ലാസ്റ്റിക് കവറുകളിൽ സാധനങ്ങളുമായി പോകുന്നവരെ തടഞ്ഞുവച്ച് കവറുകൾ വാങ്ങി പകരം തുണിസഞ്ചികൾ നൽകി വിടുകയാണ് ഇന്നലെ ചെയ്തത്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കാരി ബാഗുകളും നോൺ വുവൻ കാരി ബാഗുകളും നിരോധിച്ച സാഹചര്യത്തിൽ അത്തരം കവറുകളിൽ സാധനങ്ങളുമായി എത്തിയ ആളുകളിൽ നിന്നാണ് കവറുകൾ പിടിച്ചു വാങ്ങി പകരം ഗുണമേന്മയുള്ള തുണി സഞ്ചി നൽകി വിട്ടത്. ഇനിയങ്ങോട്ട് തുണി സഞ്ചികളിൽ മാത്രം സാധനങ്ങൾ വാങ്ങുമെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു.
ഒയിസ്ക ഇൻറർനാഷണൽ മുക്കം ചാപ്റ്ററാണ് ഇതിനാവശ്യമായ തുണി സഞ്ചികൾ നൽകിയത് .ബോധവത്കരണ പരിപാടിക്ക് മുക്കം നഗരസഭ ചെയർമാൻ വി.കുഞ്ഞൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി പ്രശോഭ് കുമാർ ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി. ലീല എന്നിവർ നേതൃത്വം നൽകി. കൗൺസിലർമാരായ മുക്കം വിജയൻ ,ടി.ടി.സുലൈമാൻ ,പ്രഷി സന്തോഷ് ,വി.ഗിരിജ, പി.ബ്രിജേഷ് ,ഓയിസ്‌ക പ്രതിനിധികളായ എം സുകുമാരൻ, ബക്കർ കളർ ബലൂൺ ,ജിി എൻ ആസാദ് ,എന്നിവരും പങ്കെടുത്തു.