കോഴിക്കോട്: ‌ടിക്കറ്റ് എടുക്കാതെ ഫ്രീ യാത്ര പതിവാക്കിയവരെ പിടിക്കാൻ പരിശോധന കർശനമാക്കിയതോടെ ജനുവരിയിൽ പാലക്കാട് ഡിവിഷന് ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനം. ടിക്കറ്റ് പരിശോധനയിലൂടെ 1.10 കോടി രൂപയാണ് പാലക്കാടിന് ലഭിച്ചത്. 2019 ഡിസംബറിൽ ലഭിച്ച 1.02 കോടി രൂപയായിരുന്നു മുമ്പുണ്ടായിരുന്ന റെക്കാഡ്. കള്ളവണ്ടിക്കാരെ പിടിക്കാൻ ഡിസംബറിലാണ് പഴുതടച്ചുള്ള പരിശോധന റെയിൽവേ ആരംഭിച്ചത്.

ജനുവരിയിൽ സ്റ്റേഷനുകളിൽ 1006ഉം ട്രെയിനുകളിൽ 3195 പരിശോനകളാണ് നടന്നത്.

ടിക്കറ്റില്ലാത്ത 25,849 യാത്രക്കാരെ പിടികൂടി. കൂടാതെ ജനറൽ ടിക്കറ്റിൽ റിസർവേഷൻ കമ്പാർട്ട്മെന്റിലും എ.സി കമ്പാർട്ട്മെന്റിലും യാത്ര ചെയ്യൽ, ടിക്കറ്റെടുത്ത സ്റ്റേഷനിൽ ഇറങ്ങാതിരിക്കൽ തുടങ്ങിയവയുടെ പിഴയിനത്തിൽ 2.03 കോടി രൂപ വേറെയും ലഭിച്ചു. ഇതും റെക്കാഡാണ്. ടി.ടി.ഇമാർക്ക് പുറമേ സ്‌പെഷ്യൽ സ്‌ക്വാഡിനെയും പരിശോധനയ്‌ക്ക് നിയോഗിച്ചിരുന്നു.

ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവരിൽ സ്ത്രീകളും പിന്നോട്ടല്ലെന്ന് പരിശോധനയിൽ തെളിഞ്ഞു. എന്നാൽ പരാതി ഉണ്ടാകാതിരിക്കാൻ ലേഡീസ് കമ്പാർട്ട്മെന്റിൽ വനിതാ ടി.ടി.ഇമാരെയാണ് നിയോഗിച്ചത്.

പരിശോധന കർശനമായതോടെ ജനുവരിയിൽ സെക്കൻഡ് ക്ളാസ് സീസൺ ടിക്കറ്റ് വില്‌പനയിൽ 3.09 ശതമാനവും സാധാരണ ടിക്കറ്റിൽ 7.37 ശതമാനവും വർദ്ധിച്ചു. കേരളത്തിൽ യാത്രക്കാർ കൂടിയിട്ടും ആനുപാതികമായി വരുമാനം ഉയരുന്നില്ലെന്ന് ദക്ഷിണ റെയിൽവേ ആസ്ഥാനത്തെ വിജിലൻസ് വിഭാഗം കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് പരിശോധന കർശനമാക്കിയത്.

പരിശോധനയും വരുമാനവും

 ടിക്കറ്റ് പരിശോധനയിലൂടെ ജനുവരിയിൽ പാലക്കാട് ഡിവിഷന് ലഭിച്ചത് -1.10 കോടി രൂപ

 2019 ഡിസംബറിൽ ലഭിച്ചത് - 1.02 കോടി രൂപ

 പരിശോധന തുടങ്ങിയത് ഡിസംബറിൽ

 ജനുവരിയിൽ സ്റ്റേഷനുകളിലെ പരിശോധന - 1006, ട്രെയിനുകളിൽ - 3195

 ടിക്കറ്റില്ലാതെ പിടികൂടിയ യാത്രക്കാർ- 25,849

 മറ്റ് പിഴയിനത്തിൽ ലഭിച്ചത് - 2.03 കോടി

 ജനുവരിയിൽ സീസൺ ടിക്കറ്റ് വില്‌പനയിൽ 3.09 ശതമാനവും സാധാരണ ടിക്കറ്റിൽ 7.37 ശതമാനവും വർദ്ധിച്ചു.