കൽപ്പറ്റ: കുറുവദ്വീപിനടുത്തുള്ള കുറുക്കൻമൂല ആദിവാസി കോളനിയിലെ ശോഭയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായിട്ടും ശാസ്ത്രീയമായ അന്വേഷണം ഒഴിവാക്കുന്നത് പ്രതികളെ രക്ഷിക്കാനാണെന്ന് വിവിധ ആദിവാസി സംഘടനാ നേതാക്കൾ വാർത്താസമ്മേളത്തിൽ കുറ്റപ്പെടുത്തി. ഇതിനെതിരെ 19ന് മൂന്ന് മണിക്ക് കലക്‌ട്രേറ്റിന് മുമ്പിൽ പ്രതിഷേധസംഗമം നടത്തും.
ഒരു മൊബൈൽ കോളിനെ തുടർന്ന് രാത്രി വീടിന് പുറത്തിറങ്ങിയ ആദിവാസി യുവതിയെ അര കിലോമീറ്റർ അകലെയുള്ള ഒരു വയലിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ശരീരത്തിൽ നിറയെ മുറിവുകളും, കീറിപ്പറഞ്ഞ വസ്ത്രങ്ങളുമായി കാണപ്പെട്ട യുവതി വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടതായാണ് പൊലീസ് പറയുന്നത്. വൈദ്യുതിലൈൻ സ്ഥാപിച്ചതിന്റെ പേരിൽ സ്ഥലമുടമയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
യഥാർത്ഥ പ്രതികൾ ഇനിയും അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലെന്നും, അവരെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകളുണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. അന്ന് രാത്രി കുറുക്കൻമൂല കോളനിക്കടുത്തുള്ള ഒഴിഞ്ഞുകിടന്ന വീട്ടിൽ നിന്ന് ശബ്ദം കേട്ടതായി പരിസരവാസികളും വ്യക്തമാക്കിയിട്ടുണ്ട്. ഈ വീടിന് പുറത്ത് നിന്ന് ലഭിച്ച മൊബൈൽഫോൺ കണ്ടുകിട്ടിയത് നാട്ടുകാർ പൊലീസിനെ ഏൽപ്പിച്ചിരുന്നു. പരിസരവാസികൾ രൂപീകരിച്ച പൗരസമിതി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ശാസ്ത്രീയമായ കുറ്റാന്വേഷണം അവലംബിക്കാത്തത് ദുരൂഹമാണ്. ഡോഗ് സ്‌ക്വാഡിനെ ഉപയോഗപ്പെടുത്തുകയോ, ഫോറൻസിക് തെളിവുകൾ ശേഖരിക്കുകയോ, ലഭിച്ച മൊബൈൽ ഫോണുകൾ ഉപയോഗിച്ചുള്ള സൈബർ അന്വേഷണമോ നടത്തിയിട്ടില്ല. ആദിവാസി യുവതിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നവരെ ചോദ്യം ചെയ്തിട്ടുമില്ല.
പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് യഥാർത്ഥപ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം ആദിവാസി ദലിത് സംഘടനകൾ ആരംഭിക്കും.
വാർത്താസമ്മേളനത്തിൽ ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോർഡിനേറ്റർ എം.ഗീതാനന്ദൻ, കേരള ആദിവാസി ഫോറം നേതാവ് എ.ചന്തുണ്ണി, രമേശൻ എന്നിവർ പങ്കെടുത്തു.