k-surendran

കോഴിക്കോട്:സമരപോരാട്ടത്തിലൂടെ ഇടതു-വലതു മുന്നണികളെ പലപ്പോഴും വിറപ്പിച്ചിട്ടുണ്ട് കെ. സുരേന്ദ്രൻ. എതിരാളികളുടെ ആരോപണങ്ങളും ആക്രമണവും ശക്തമായതോടെ കെ. സുരേന്ദ്രൻ ബി.ജെ.പിയിലെ യുവനേതാവായി വളർന്നു. ശബരിമല പ്രക്ഷോഭത്തിൽ 22 ദിവസത്തെ ജയിൽ വാസം സുരേന്ദ്രനിലെ നേതാവിന് കരുത്തായി. സൈബർ ആക്രമണവും വ്യക്തിപരമായ ആക്ഷേപങ്ങളും അതിജീവിച്ച സുരേന്ദ്രന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ കുപ്പായം കാലം കാത്തുവച്ച അംഗീകാരമാണ്.

1970 മാർച്ച് 10ന് കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകനായി കോഴിക്കോട് ഉള്ള്യേരിയിലെ കുന്നുമ്മൽ വീട്ടിലായിരുന്നു ജനനം. എ.ബി.വി.പിയിലൂടെ പൊതുപ്രവർത്തനം തുടങ്ങിയ സുരേന്ദ്രൻ ഗുരുവായൂരപ്പൻ കോളേജിൽ രസതന്ത്രത്തിൽ ബിരുദം നേടി. യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷനായതോടെയാണ് കേരള രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. ശബരിമല പ്രക്ഷോഭം, കോവളം കൊട്ടാരം സമരം, കേരള യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ഗ്രേഡ് അഴിമതി, ടോട്ടൽ ഫോർ യു തട്ടിപ്പ്, മലബാർ സിമന്റ്‌സ് അഴിമതി, സോളാർ തട്ടിപ്പ് തുടങ്ങിയവയ്‌ക്കെതിരെ പൊരുതിയ സുരേന്ദ്രൻ കേരളത്തിലെ തെരുവുകളിൽ സമരാഗ്നി പടർത്തി.

കെ.ജി. മാരാർജിയുടെ നിർദ്ദേശ പ്രകാരമാണ് യുവമോർച്ചയുടെ മുഴുവൻ സമയപ്രവർത്തകനായത്. യുവമോർച്ച വയനാട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചു.

യുവജന നേതാവായിരിക്കെ സുരേന്ദ്രന്റെ പ്രവർത്തനം രാഷ്ട്രീയത്തിനതീതമായി പ്രശംസിക്കപ്പെട്ടു.

ലോക്‌സഭയിലേക്ക് കാസർക്കോട് നിന്നും നിയമസഭയിലേക്ക് മഞ്ചേശ്വരത്ത് നിന്നും രണ്ട് തവണ വീതം മത്സരിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് വെറും 89 വോട്ടിനാണ് തോറ്റത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംത്തിട്ടയിൽ മൂന്ന് ലക്ഷത്തോളം വോട്ട് പിടിച്ച് ഇടതു - വലത് മുന്നണികളെ ഞെട്ടിച്ചു. ആറുമാസത്തിന് ശേഷം കോന്നി ഉപതിരഞ്ഞെടുപ്പിലും സുരേന്ദ്രൻ 40,000ത്തോളം വോട്ട് നേടി.ഭാര്യ: ഷീബ. മകൻ ഹരികൃഷ്ണൻ ബി.ടെക്ക് ബിരുദധാരിയാണ്. മകൾ: ഗായത്രി പ്ലസ്ടു വിദ്യാർത്ഥി.