കോഴിക്കോട്: പൗരത്വ ഭേദഗതിയിൽ കലങ്ങി മറിഞ്ഞ മലബാർ രാഷ്ട്രീയം ബി.ജെ.പി പ്രസിഡന്റായി കെ. സുരേന്ദ്രനെത്തുന്നതൂടെ കൂടുതൽ ചൂടുപിടിക്കും. കോഴിക്കോട്ടുകാരനായ കെ.സുരേന്ദ്രന്റെ വരവോട് ബി.ജെ.പി പ്രതിരോധം ശക്തമാക്കും. സി.എ.എ പ്രക്ഷോഭങ്ങൾക്കെതിരെ നിശിത വിമർശനമാണ് സുരേന്ദ്രൻ അഴിച്ചുവിട്ടിരുന്നത്.
നിയമം വന്ന് മാസങ്ങൾ പിന്നിട്ടിട്ടും മലബാറിലെ സമരങ്ങളുടെ ശക്തി കുറഞ്ഞിട്ടില്ല. ഇടതുവലത് മുന്നണികൾ സി.എ.എ വിരുദ്ധ വോട്ടിനായി കച്ചകെട്ടുമ്പോൾ അനുകൂല വോട്ടുകളിലാണ് ബി.ജെ.പിയുടെ കണ്ണ്. പ്രചാരങ്ങൾ നടത്തുന്നുണ്ടെങ്കിലും നേതാവിന്റെ അഭാവം ബി.ജെ.പിയെ ബാധിച്ചിരുന്നു. മറുവശത്ത് ഒന്നിച്ചുള്ള സമരം വേണമെന്ന മുഖ്യമന്ത്രിയുടെ നിലപാടും വേണ്ടെന്ന യു.ഡി.എഫ് നിലപാടും മുസ്ലിം വിഭാഗത്തിൽ ചർച്ചയായിരുന്നു.
പൗരത്വഭേദഗതി പ്രക്ഷോഭങ്ങളുടെ പ്രചാരകനായി മാറിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ പങ്കെടുപ്പിച്ച പരിപാടികൾ സംഘടിപ്പിച്ച് സ്വാധീനം ഉറപ്പിക്കാനാണ് ലീഗ് ലക്ഷ്യമിടുന്നത്. സമസ്തയെ ഇക്കാര്യം ബോധ്യപ്പെടുത്തുകയാണ് ലീഗിന് മുന്നിലുള്ള വെല്ലുവിളി. ഒന്നിച്ച് സമരത്തിനില്ലെന്ന് വ്യക്തമാക്കിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സമസ്ത മുഖപത്രത്തിൽ വിമർശനം വന്നതോടെയാണ് യു.ഡി.എഫും പ്രതിസന്ധിയിലായി.
തദ്ദേശ തിരഞ്ഞെടുപ്പുൾപ്പെടെ വരുന്ന സാഹചര്യത്തിലാണ് പ്രതിസന്ധി യു.ഡി.എഫിന് തലവേദനയാകുന്നത്. വലിയ ഭിന്നതയുള്ളപ്പോഴും ഇടതുപക്ഷത്തിന്റെയും യു.ഡി.എഫിന്റെയും വേദികളിൽ പ്രബല മുസ്ലിം സമുദായ സംഘടനകളായ ഇ.കെ വിഭാഗവും എ.പി വിഭാഗവും ഒന്നിച്ചാണ് പങ്കെടുക്കുന്നത്. മുസ്ലിം ലീഗിന്റെ വോട്ട് ബാങ്കായ സമസ്ത ഒന്നിച്ചുള്ള സമരത്തിന് ആഹ്വാനം ചെയ്തതും ഇടതുപക്ഷ പരിപാടികളിൽ സജീവമായി പങ്കെടുക്കുന്നതുമാണ് യു.ഡി.എഫിനെ കുഴക്കുന്നത്.
അതേസമയം മുഖ്യമന്ത്രിയെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചതും പോപ്പുലർ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും പിണരായിയുടെ നിലപാടുകളെ ചോദ്യം ചെയ്യുന്നതും എൽ.ഡി.എഫിനും വെല്ലുവിളിയാണ്. എങ്കിലും സുന്നി സമുദായ സംഘടകൾ ഇടതുപക്ഷത്തിന്റെ ഇടപെടലുകളെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.