വടകര: സപ്ലൈകോ മാവേലി സ്റ്റോറിൽ ആവശ്യത്തിന് പലവ്യജ്ഞനങ്ങൾ ലഭിക്കുന്നില്ലെന്ന് പരാതി. വാങ്ങിക്കുന്ന സാധനങ്ങളുടെ വില അടങ്ങിയ ബില്ലുകളിലും വ്യക്തതയില്ല. സബ്സിഡി സാധനങ്ങൾ സപ്ലൈകോയിൽ കിട്ടാക്കനി ആയതോടെ പൊതുമാർക്കറ്റിൽ പൊള്ളുംവിലയാണ്. മാർക്കറ്റിൽ നിയന്ത്രണാധീതമായി വില വർദ്ധിക്കുമ്പോൾ സാധാരണക്കാരന് ആശ്വാസമാവണമെന്ന ഉദ്ദേശത്തോടെ തുടങ്ങിയതായിരുന്നു മാവേലി സ്റ്റോറുകൾ. എന്നാൽ ഏറ്റവും അത്യാവശ്യമായ മുളക് വില മാർക്കറ്റിൽ കുതിച്ച് ഉയരുമ്പോൾ മാവേലിയിൽ പൊടിക്ക് പോലും മുളക് കാട്ടാനില്ല. അപൂർവ്വം ചില ദിവസങ്ങളിൽ മുളക് എത്തുന്നതാകട്ടെ കുറച്ചുപേർക്ക് മാത്രമാണ് ലഭിക്കുന്നത്.

@ബില്ലിൽ ജബ ജബ

വാങ്ങിക്കുന്ന സാധനങ്ങളുടെ വില എത്രയാണ് ഈടാക്കിയത് എന്നറിയാൻ ഓർക്കാട്ടേരിയിൽ നിന്നും ലഭിക്കുന്ന റസീറ്റുകൾ പര്യാപ്തമല്ല. ഓർക്കാട്ടേരി മാവേലി സ്റ്റോറിൽ നിന്നും വ്യക്തതയില്ലാത്ത ബില്ലുകൾ നല്കുന്നത് മാസങ്ങളായി തുടരുകയാണ്. ഇത്തരം കമ്പ്യൂട്ടർബില്ലുകൾ ഉപകരണത്തിൽ നിന്നും കിട്ടുന്നതിൻെറ ആകെ സംഖ്യ പേന കൊണ്ട് എഴുതി കൊടുക്കയാണ് ചെയ്യുന്നത്. പരാതി പറഞ്ഞു മടുത്തവർ ഗത്യന്തരമില്ലാതെ എഴുതിക്കാണിച്ച സംഖ്യ കൊടുക്കാൻ നിർബ്ബന്ധിതരാവുന്നു. ചെറിയ ലാഭം കൊതിച്ച് വിയർത്തത് നഷ്ടമായോ എന്ന സംശയമുണ്ടാക്കുന്നതാണ് ഇത്തരം ബില്ലുകൾ.

"ഡാറ്റാ ട്രാക്ക് ടെക്നോളജീസ് എന്ന കമ്പനിയുടെ ബില്ലിംഗ് മിഷ്യനാണ് ഓർക്കാട്ടേരി സപ്ലൈക്കോ സൂപ്പർ മാർക്കറ്റിൽ ഉപയോഗിക്കുന്നത്. ബില്ലുകൾ വ്യക്തതയില്ലാത്തതിന് പരാതിപെട്ടിട്ട് മാസങ്ങളായി. മിഷ്യൻ നന്നാക്കുന്നതിൽ കമ്പനി അനാസ്ഥ കാട്ടുകയാണ് " - അനൂപ് , സൂപ്പർ മാർക്കറ്റ് മാനേജർ