കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ ഏറ്റവും ഒടുവിൽ കൊലചെയ്യപ്പെട്ട സിലിയുടെ മൃതദേഹാവശിഷ്ടത്തിന്റെ രാസ പരിശോധനയിൽ സോഡിയം സയനൈഡ് കണ്ടെത്തി. കോഴിക്കോട് റീജിയണൽ കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയുടെ രണ്ടാമത്തെ ഫലമാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയത്. രാസപരിശോധനാ റിപ്പോർട്ട് തെളിവായി അന്വേഷണ സംഘം താമരശേരി ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചു.
മൃതദേഹാവശിഷ്ടത്തിൽ നിന്ന് മൂന്ന് സാമ്പിളുകൾ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. ആദ്യത്തെ സാമ്പിളിന്റെ പരിശോധനയിൽ തന്നെ സയനൈഡിന്റെ അംശം കണ്ടെത്തി. എങ്കിലും വിവാദ കേസായത് കാരണം കെമിക്കൽ ലാബ് ഒരു സാമ്പിൾകൂടി ആവശ്യപ്പെട്ടു. കോടതിയിൽ സീൽ ചെയ്ത് സൂക്ഷിച്ചിരുന്ന രണ്ട് സാമ്പിളുകളിൽ ഒന്ന് കോടതിയുടെ അനുമതിയോടെ വീണ്ടും അയച്ചു. ഇതിലും സയനൈഡിന്റെ അംശം കണ്ടെത്തുകയായിരുന്നു.
2016 ജനുവരിയിലാണ് മുഖ്യപ്രതി ജോളിയുടെ ഇപ്പോഴെത്ത ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലി മരണമടയുന്നത്. താമരശേരിയിലെ സ്വകാര്യ ദന്താശുപത്രിയിൽ ജോളിയോടൊപ്പം ചികിത്സയ്ക്കെത്തിയ സിലിക്ക് മഷ്റൂം ക്യാപ്‌സൂളിൽ സയനൈഡ് നിറച്ച് നൽകുകയായിരുന്നു. കുഴഞ്ഞ് വീണ സിലി വെള്ളം ചോദിച്ചപ്പോൾ സയനൈഡ് കലർത്തിയ വെള്ളമാണ് ജോളി നൽകിയത്. തൊട്ടടുത്തുള്ള താമരശേരി സർക്കാർ ആശുപത്രിയിൽ കൊണ്ടുപോകാതെ മൂന്ന് കിലോമീറ്റർ അകലെയുള്ള സ്വകാര്യ ആശുപത്രിയിൽ അഞ്ച് കിലോമീറ്റർ ചുറ്രിയുള്ള വഴിയിലൂടെ എത്തിക്കുകയായിരുന്നു. മരണം ഉറപ്പ് വരുത്താനായിരുന്നു കൂടുതൽ സമയമെടുത്തത്.