മാനന്തവാടി: കഴിഞ്ഞ ജനുവരി 24 മുതൽ ഗവ ഹൈസ്‌ക്കൂൾ ഫ്ളഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടന്നുവന്ന ഉദയ അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സമാപിച്ചു.ഉദയ കൊയിലേരിയുടെ ആഭിമുഖ്യത്തിൽ ടീം ഉദയ ചാരിറ്റബിൾ ട്രസ്റ്റും മാനന്തവാടി മർച്ചന്റ്സ് അസോസിയേഷനുമാണ് സംഘാടകർ, വടക്കേടത്ത് മൈക്കിൾ ഫ്രാൻസിസ്, മറിയം ഫ്രാൻസിസ് എന്നിവരുടെ സ്മരണാർഥം കർണാടകത്തിലെ പ്രമുഖ വ്യവസായിയും മാനന്തവാടി സ്വദേശിയുമായ ജോസഫ് ഫ്രാൻസിസ് വടക്കേടത്ത് നൽകുന്ന എവർറോളിംഗ് ട്രോഫിയും പ്രൈസ് മണിക്കും വേണ്ടിയാണ് ടൂർണമെന്റ്,, ലിൻഷാ മെഡിക്കൽ മണ്ണാർക്കാട്, ഉഷ എഫ് സി തൃശൂർ എന്നിവരാണ് ഫൈനലിൽ ഏറ്റുമുട്ടിയത് .സമനിലയും തുടർന്ന് എക്സ്ട്രാ ടൈമും പെനാൾട്ടി ഷൂട്ടൗട്ടും അതിന് ശേഷം ടോസിട്ട് ലിൻഷാ മെഡിക്കൽ കപ്പ് നേടി. മാനന്തവാടി മുനിസിപ്പൽ ചെയർമാൻ വി ആർ പ്രവീജ് ,ജോസഫ് ഫ്രാൻസിസ്, ജോണി അറക്കൽ എന്നിവർ വിന്നേർസ് ടീമിനും റണ്ണേർസ് ടീമിനും എവർറോളിംഗ് ട്രോഫികൾ നൽകി. മാനന്തവാടി ഡി വൈ എസ് പി ചന്ദ്രൻ താരങ്ങളെ പരിചയപ്പെട്ടു. സിനിമാതാരം ബൈജു മുഖ്യാതിഥിയായി.
കോർണർ കിക്കിലൂടെ ഗോൾ നേടി സോഷ്യൽ മീഡിയയിലൂടെ വൈറലായ കോഴിക്കോട്ടെ 10 വയസ്സുകാരൻ ഡാനിഷിനെയും കോച്ച് ബാസിതിനെയും ആനുമോദിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രഗൽഭരായവർക്ക് ഉപഹാരങ്ങൾ നൽകി. ജോണി അറക്കൽ അദ്ധ്യക്ഷത വഹിച്ചു.മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ ഉസ്മാൻ സ്വാഗതവും പി ഷംസുദ്ദിൻ നന്ദിയും പറഞ്ഞു.
ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തനമേഖലയിൽ നിർധനരായ കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകാനുള്ള പ്രൊജക്ട് ജോസഫ് ഫ്രാൻസിസ് വടക്കേടത്തും നിർധനരായ വിദ്യാർഥികളുടെ ഉന്നത പഠനത്തിനുള്ള സഹായം അറക്കൽ ഫൗണ്ടേഷനു വേണ്ടി ജോണി അറക്കലും പ്രഖ്യാപിച്ചു. ജീവകാരുണ്യ പ്രവർത്തന റിപ്പോർട്ടിംഗ് ഇബ്രാഹിം കൈപ്പാണി നടത്തി.