മാനന്തവാടി: നിർമ്മാണ പ്രവർത്തികൾക്കായി റോഡ് വീതി കൂട്ടുന്നതിൽ പക്ഷപാതിത്വപരമായ നിലപാടാണ് അധികൃതർ സ്വീകരിക്കുന്നതെന്നാരോപിച്ച് നാട്ടുകാർ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. എടവക പഞ്ചായത്തിലെ തോണിച്ചാൽ പള്ളിക്കൽ റോഡിലെ പ്രവർത്തികളിലെ അപാകതകളെ കുറിച്ചാണ് പരാതികൾ ഉയരുന്നത്.
എം എൽ എ യുടെ പ്രളയ ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന റോഡുമായി ബന്ധപ്പെട്ട യോഗത്തിൽ നിലവിലുള്ള റോഡ് 10 മീറ്റർ വികസിപ്പിച്ച് ആവശ്യമായ കലുങ്കുകളും ഡ്രെയിനേജുകളും ഉണ്ടാക്കുവാനും, ബന്ധപ്പെട്ട സ്ഥലവാസികൾ മുഴുവനും നിലവിലുള്ള റോഡിന്റെ ഇരുവശവും തുല്യമായി 10 മീറ്റർ സ്ഥലം വിട്ട് കൊടുക്കാനും തീരുമാനിച്ചിരുന്നു. തോണിച്ചാൽ കാരുണ്യ നിവാസ്, തോണിച്ചാൽ ഇടവകകുരിശടി, പൈങ്ങാട്ടിരി രാജരാജേശ്വരി ക്ഷേത്രം സംരക്ഷകർ, പാലമുക്ക് ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ എന്നീ സാമൂഹ്യ സംഘടനകൾ ആവശ്യമായ സ്ഥലം വിട്ട് കൊടുത്തും വ്യക്തികൾ ലക്ഷക്കണക്കിന് രൂപ മുടക്കി പണിത ചുറ്റുമതിൽ വരെ പൊളിച്ചും പൊളിക്കാൻ സമ്മതിച്ചും
സഹകരിച്ചു.
എന്നാൽ ചില വ്യക്തികളുടെ താത്പര്യം പരിഗണിച്ച് ബന്ധപെട്ട എഞ്ചിനിയർമാർ, കരാറുകാരൻ എന്നിവർ ചേർന്ന് ആവശ്യമായ സ്ഥലം എടുക്കാതെ ആവശ്യമായ ഡ്രെയിനേജ് പോലുമില്ലാതെ ഏകദേശം ഒരു മീറ്റർ വരെ കുറവിൽ നിർത്തി കൊണ്ട് ടാറിംഗ് ജോലികൾ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് നാട്ടുകാർ.
3.2 കി.മീ ദൂരമുള്ള റോഡാണ് 4.7 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്നത്. ഇതിൽ 2. 2 കി.മീ ദൂരം മാത്രമാണ് ഡ്രെയിനേജുകൾ ഉള്ളതെന്നും പരാതി ഉണ്ട്.
10 മീറ്റർ വീതീ എല്ലായിടത്തും ഉറപ്പ് വരുത്തിയ ശേഷം പ്രവർത്തി ആരംഭിച്ചാൽ മതിയെന്ന ഉത്തരവ് നൽകി ജനങ്ങളുടെ ആശങ്ക അകറ്റണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്.
പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണണമെന്നും
അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നും നാട്ടുകാർ പറഞ്ഞു. സ്ഥലമെടുപ്പ് അനിശ്ചിതത്വം ഉടലെടുത്തതോടെ കരാറുകാരൻ പ്രവൃത്തി നിർത്തി വെച്ചിരിക്കുകയാണ്.