മാനന്തവാടി: അസ്തമിച്ചത് സോഷ്യലിസം ജിവിതമാക്കിയ എടവകയുടെ നക്ഷത്രം. എട്ട് പതിറ്റാണ്ട് കാലം എടവകയുടെ സാമൂഹ്യ, രാഷ്ട്രീയ രംഗത്തും സാംസ്‌കാരിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച സോഷ്യലിസ്റ്റ് നേതാവായിരുന്നു കുഴിവേലി ജോർജ്.
1932 ൽ കോട്ടയം കടുത്തുരുത്തിയിൽ നിന്ന് വയനാട്ടിൽ കുടിയേറിയ ജോർജ്ജ് വ്യത്യസ്തമായ നിലപാടുകളിലൂടെയും സമീപനങ്ങളിലൂടെയും ഇടപെലുകളിലൂടെയും സോഷ്യലിസ്റ്റ് ആശയങ്ങളിൽ നിന്ന് അണുവിട വ്യതിചലിക്കാതെ ജീവിതം നയിച്ച വ്യക്തിയായിരുന്നു.
മതപരവും ജാതീയവും യാഥാസ്ഥിതികവുമായ കാഴ്ചപ്പാടുകളെ ചവറ്റുകൊട്ടയിൽ തള്ളിയ ജോർജ്ജ്
ജിവിതത്തിലുടനീളം ഒരു പോരാളിയായിരുന്നു. സ്വന്തം മക്കളെയാണ് സമൂഹത്തിന് മുന്നിൽ അദ്ദേഹം മാതൃകയായി അവതരിപ്പിച്ചത്. അവരെയും സാമൂഹ്യ പരിവർത്തനത്തിന്റെ വക്താക്കളാക്കിയാണ് ജോർജ്ജ് വളർത്തിയത് തന്റെ ഒമ്പത് മക്കളെ സ്‌ക്കൂളിൽ ചേർക്കുമ്പോൾ മതം എന്ന കോളത്തിൽ ഇല്ല എന്ന് എഴുതി ജോർജ്ജ് അരനൂറ്റാണ്ട് മുമ്പ് കേരള ചരിത്രത്തിൽ സ്ഥാനം നേടിയിരുന്നു. ഈ വിഷയം അന്ന് എറെ ചർച്ചയായിരുന്നു.
കേവലം ഭാവനാപൂർണ്ണവും സാങ്കൽപ്പികവുമായിരുന്നില്ല ജോർജിന്റെ ആശയങ്ങൾ മറിച്ച് പ്രായോഗികതയ്ക്കനുസരിച്ച് അവയിൽ മാറ്റം വരുത്തിയും പ്രതിസന്ധികളെയും വൈഷമ്യങ്ങളേയും അതിജീവിച്ചും, സോഷ്യലിസ്റ്റ് വിപ്ലവ ആശയങ്ങൾക്ക് പുതിയ മാനം നൽകി. ജിവിതത്തിലെ ഏത് വിഷയത്തെയും പുഞ്ചിരിച്ചു കൊണ്ട് നേരിട്ട ജോർജ്ജ് കോപത്തോടെ ആരോടും ജിവിതത്തിൽ സംസാരിച്ചു കണ്ടിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
പ്രായാധിക്യം കൊണ്ടുള്ള ബുദ്ധിമുട്ടുകൾക്കിടയിലും ആനുകാലികമായ വിഷയങ്ങളിൽ പഠനവും വിമർശനവും വിശകലനവുമുണ്ടായിരുന്നു. അതാണ് അദ്ദേഹത്തെ മറ്റ് നേതാക്കളിൽ നിന്ന് വ്യത്യസ്തനാക്കുന്നതും. വയനാടൻ ജനമനസ്സുകളിൽ ചിരപതിഷ്ഠ നേടിയാണ് ജോർജ്ജ് കുഴിവേലി വിടവാങ്ങിയത്