sameera

വടകര: ഓർക്കാട്ടേരി കാർത്തികപ്പള്ളിയിൽ പട്ടാപ്പകൽ വീട്ടമ്മയെ വെട്ടി പരിക്കേൽപിച്ച് പത്ത് പവൻ സ്വർണം കവർന്ന കേസിൽ ബന്ധുവായ യുവതി അറസ്റ്റിൽ. കാർത്തികപ്പള്ളി കാർഗിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം പറമ്പത്ത് മുസയുടെ ഭാര്യ അലീമയെ (60) വെട്ടിപ്പരിക്കേൽപിച്ച കേസിലാണ് സമീപവാസിയും ബന്ധുവുമായ കാർത്തികപ്പള്ളിയിലെ പട്ടർകണ്ടി സമീറയെ (40) എടച്ചേരി പൊലീസ് പിടികൂടിയത്.

വെള്ളിയാഴ്ച ഉച്ചയ്‌ക്കാണ് നാടിനെ നടുക്കിയ സംഭവം. നിസ്‌കാര സമയത്ത് അലീമയെ വെട്ടിപ്പരിക്കേൽപ്പിച്ച് ആഭരണവുമായി സമീറ കടക്കുകയായിരുന്നു. മരിച്ചെന്നു കരുതിയാണ് സമീറ സ്ഥലംവിട്ടത്. ബോധം തിരിച്ചുകിട്ടിയ അലീമ വിവരം ഭർത്താവിനോടും പൊലീസിനോടും പറഞ്ഞതോടെയാണ് സമീറയാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞത്. മണംപിടിച്ച പൊലീസ് നായ സമീറയുടെ വീട്ടിനടുത്താണ് നിന്നത്. സ്വർണം വടകരയിലെ ജുവലറിയിൽ വിറ്റ ശേഷം വൈകിട്ട് ആറോടെ കാർത്തികപ്പള്ളിയിലെ വീട്ടിലേക്കു വരുമ്പോഴാണ് പിടിയിലായത്.

മൂസയും ഭാര്യ അലീമയും മാത്രമുള്ള വീട്ടിൽ സഹായിയായി സമീറ എത്താറുണ്ട്. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് വീട്ടിൽ നിന്ന് സ്വർണം കവരുന്നത് കണ്ട അലീമയുമായി പിടിവലിയുണ്ടായി. തുടർന്നാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. വായിൽ തുണി തിരികിയ നിലയിലായിരുന്നു അലീമ കിടന്നിരുന്നത്. രണ്ടരയോടെ ഭർത്താവ് മൂസ വീട്ടിൽ തിരികെ എത്തിയപ്പോൾ രക്തത്തിൽ കുളിച്ച് ബോധമറ്റു കിടക്കുന്ന അലീമയെ കണ്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വടകര ടൗണിൽ നിന്ന് കാർത്തികപ്പള്ളിയിലെ വീട്ടിലേക്ക് മടങ്ങിയ സമീറ പൊലീസിന്റെ പിടിയിലാവുകയും ചെയ്തു. സമീറെയുമായി വടകരയിലെ ജുവലറിയിൽ ഇന്നലെ പൊലീസ് തെളിവെടുപ്പ് നടത്തി. ഇവിടെ സെമീറ വിറ്റ സ്വർണം കണ്ടെത്തി. സ്വർണ്ണം വിറ്റ് കിട്ടിയ പണംകൊണ്ട് പയ്യോളിയിലെ ധനകാര്യ സ്ഥാപനത്തിൽ പണയംവെച്ചിരുന്ന സ്വർണം ഇവർ തിരിച്ചെടുത്തിരുന്നു. ഇവിടെയും പൊലീസ് തെളിവെടുത്തു.