മുക്കം:മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രത്തിൽ ഏഴു ദിവസം നീളുന്ന ശിവരാത്രി ആഘോഷങ്ങൾക്ക് ശനിയാഴ്ച കൊടിയേറി. ക്ഷേത്രം തന്ത്രി കിഴക്കുമ്പാട്ട് ഇല്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റം. നേരത്തെ അഗസ്ത്യൻമുഴി തിരുവഞ്ചുഴി ദേവീക്ഷേത്ര സന്നിധിയിൽ നിന്ന് മുക്കം അങ്ങാടിയിലൂടെ തൃക്കുടമണ്ണ ക്ഷേത്രം വരെ വർണാഭമായ ഘോഷയാത്ര നടന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള ഘോഷയാത്രയിൽ താലപ്പൊലി, ചെണ്ടമേളം, ബട്ടർഫ്ളെെനൃത്തം, നാഗദീപം, കാവടിയാട്ടം, ശിവപാർവതിയും ഭൂതഗണങ്ങളും, ശിങ്കാരിമേളം, ഡിജിറ്റൽ തമ്പോല എന്നിവയെല്ലാമുണ്ടായിരുന്നു. ക്ഷേത്രസമിതി രക്ഷാധികാരികൾ, ഭാരവാഹികൾ, മാതൃസമിതി ഭാരവാഹികൾ, ഉത്സവ കമ്മിറ്റി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.