water

കോഴിക്കോട്: മഴ മേഘങ്ങൾ കനിയാതായതോടെ കൊടും ചൂടിൽ ചുട്ടുപൊള്ളുകയാണ് സാമൂതിരിയുടെ സ്വന്തം നാട്. സൂര്യതാപ ഭീതിയും കുടിവെള്ള ക്ഷാമവുമെല്ലാം ജനങ്ങൾക്ക് ഇരട്ട പ്രഹരവുമായി. വേനലാകുമ്പോൾ കുടിവെള്ളം കിട്ടാക്കനിയാകുമെന്നാണ് ഈ രംഗത്തെ വിദഗ്‌ദ്ധർ നൽകുന്ന സൂചന.

ഇത്തവണ കുടിവെള്ളക്ഷാമം രൂക്ഷമാക്കുമെന്ന് കേന്ദ്ര ജലവിഭവ കേന്ദ്രവും (സി.ഡബ്ലിയു.ആർ.ഡി.എം) പറയുന്നു. വേനൽ മഴ കാര്യമായി ലഭിക്കാത്തതും പ്രളയവുമാണ് ഇതിന് കാരണം. പ്രളയത്തിൽ മേൽമണ്ണ് ഒലിച്ചുപോയതും വരൾച്ചയ്‌ക്ക് ആക്കം കൂട്ടി. മേൽമണ്ണില്ലാതായതോടെ ജലത്തിന് ഊർന്നിറങ്ങാനുള്ള സാഹചര്യം ഇല്ലാതായി. ഇത് ഭൂഗർഭ ജലത്തിന്റെ അളവ് കുറയാൻ കാരണമായി.

ജനുവരിയിലും ഫെബ്രുവരിയിലും കാര്യമായി മഴ കിട്ടാത്തതും തിരിച്ചടിയായി. ഇതുകാരണം വേനലിന് മുമ്പേ ജില്ലയിലെ ജലാശയങ്ങളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. തോടുകളും കൈവഴികളുമെല്ലാം വറ്റി. പുഴകളിലെ നീരൊഴിക്ക് കുറഞ്ഞു.

സാധാരണ മാർച്ചിലാണ് ജല ലഭ്യതയിൽ കുറവുണ്ടാകുന്നത്. എന്നാൽ ഇത്തവണ ഫെബ്രുവരിയിൽ തന്നെ ജല നിരപ്പ് കുറഞ്ഞു. എല്ലാത്തിനും പരിഹാരമായി വേനൽമഴ കാത്തിരിക്കുകയാണ് കോഴിക്കോട്ടുകാർ.

 ചൂട് 37 ഡിഗ്രി വരെ

ജില്ലയിൽ നിലവിൽ 24 - 36 ഡിഗ്രി സെൽഷ്യസാണ് ചൂട്. ഇത് 37 ഡിഗ്രി സെൽഷ്യസ് വരെയാകാൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് ജോലി സമയത്തിൽ തൊഴിൽ വകുപ്പ് മാറ്റം വരുത്തി. രാവിലെ ഏഴ് മുതൽ 12 വരെയും വൈകിട്ട് മൂന്ന് മുതൽ ഏഴ് വരെയുമാണ് സമയ മാറ്റം. ഏപ്രിൽ 30 വരെ ഇത് തുടരും.

ചൂടിനെതിരെ മുൻകരുതലെടുക്കാം

1. ധാരാളം വെള്ളം കുടിക്കുക

2. പകൽ സമയം മദ്യപിക്കാതിരിക്കുക

3. ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൻ വസ്ത്രം ധരിക്കുക

4. സ്‌കൂളുകളിൽ ശുദ്ധജലം ഉറപ്പാക്കുക

5. രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ സൂര്യപ്രകാശം ഏൽക്കരുത്

6. തൊപ്പിയോ കുടയോ ഉപയോഗിക്കുക

7. ആവശ്യത്തിന് വിശ്രമിക്കുക

8. പഴവർഗങ്ങൾ കഴിക്കുക

9. ഒ.ആർ.എസ് ലായനി കഴിക്കുക

10. തളർച്ചയുണ്ടായാൽ വൈദ്യസഹായം തേടുക