steel

കോഴിക്കോട്: ഉത്പാദനം നിലച്ച നിലയിൽ നാലാം വാർഷികത്തിലേക്ക് കടക്കുന്ന ചെറുവണ്ണൂർ 'സെയിൽ' എസ്.സി.എൽ കേരള (ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സ് ) തീർത്തും ഓർമ്മയിലേക്ക് മറയുമോ ?. വല്ലാത്ത ആശങ്കയിലാണ് ഇവിടെ അവശേഷിക്കുന്ന തൊഴിലാളികൾ.

ഈ രംഗത്ത് സ്വകാര്യ കമ്പനികൾ കുതിച്ചു മുന്നേറുമ്പോൾ അര നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള പൊതുമേഖലാ സ്ഥാപനത്തെ കൊല്ലാതെ കൊല്ലുകയാണ് പരസ്പരം പഴിചാരി സംസ്ഥാന - കേന്ദ്ര സർക്കാരുകൾ. ഇതിനെതിരെ ശക്തമായ സമരത്തിനൊരുങ്ങുകയാണ് തൊഴിലാളികൾ. ഐ.എൻ.ടി.യു.സി യുടെ നേതൃത്വത്തിൽ മാർച്ചിൽ ഉപവാസസമരം തുടങ്ങും.

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും സംസ്ഥാന സർക്കാരിനും ഓഹരി പങ്കാളിത്തമുള്ള സ്ഥാപനത്തിൽ ഇപ്പോഴുള്ളത് 45 തൊഴിലാളികൾ മാത്രമാണ്. ജീവനക്കാർക്ക് ശമ്പളമോ, വിരമിച്ചവർക്ക് ഗ്രാറ്റ്വിറ്റിയോ നൽകാനാവുന്നില്ല. അതിനിടെ, സ്ഥാപനത്തിലേക്കുള്ള വൈദ്യുതി കണക്‌ഷൻ കഴിഞ്ഞ ഒക്ടോബറിൽ വിച്ഛേദിച്ചിരുന്നു.

സംസ്ഥാനത്തെ പൊതുമരമാത്ത് പ്രവൃത്തികൾക്ക് 30 ശതമാനം വാർക്ക കമ്പികൾ സെയിൽ എസ്.സി.എൽ കേരളയിൽ നിന്ന് വാങ്ങിക്കുമെന്ന പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം വലിയ പ്രതീക്ഷയുണർത്തിയതാണ്. എന്നാൽ തുടർനടപടിയുണ്ടായില്ല. കമ്പനിയെ തകർച്ചയിൽ നിന്നു കരകയറാനുള്ള മറ്റെന്തെങ്കിലും വഴി പിന്നെ തുറന്നുകിട്ടിയുമില്ല.

 സംസ്ഥാനം സഹകരിക്കണ്ടേ

എന്ന് കേന്ദ്രം

സ്റ്റീൽ കോംപ്ലക്‌സിൽ ഉത്പാദനം പുനരാരംഭിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ കാര്യമായ താത്പര്യം കാണിക്കുന്നില്ലെന്ന ആക്ഷേപമാണ് കേന്ദ്രത്തിന്റേത്. പുനരുദ്ധാരണത്തിന് പെട്ടെന്ന് വേണ്ടത് 40 കോടി രൂപയാണ്. ഇതിൽ 20 കോടി സ്റ്റീൽ അതോറിറ്റി ഒഫ് ഇന്ത്യ (സെയിൽ) മുടക്കും. ബാക്കി സംസ്ഥാനം കണ്ടെത്തണം. സംസ്ഥാന സർക്കാർ അനുകൂല നിലപാട് കൈക്കൊള്ളാത്തതാണ് പ്രശ്നം; പാർലമെന്റിൽ എം.കെ. രാഘവൻ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ഉരുക്ക് മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ മറുപടി ഇങ്ങനെയായിരുന്നു. എന്നാൽ, ഉദ്പാദനം നിലയ്ക്കാനിടയാക്കിയത് സെയിൽ തുണക്കാതിരുന്നതുകൊണ്ടല്ലേ എന്ന മറുചോദ്യമാണ് സംസ്ഥാനത്തിന്റേത്.

കോംപ്ലക്സ് കഥ ഇതുവരെ

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് കോർപ്പറേഷൻ സ്വകാര്യ പങ്കാളിത്തത്തോടെ കമ്പനി സ്ഥാപിച്ചത് 1969ൽ . 37,000 ടൺ സംസ്‌കരണം സാദ്ധ്യമാകുന്ന തരത്തിലേക്ക് 1972ൽ കമ്പനിയെ ഉയർത്തി. പിന്നീട് 55,000 ടൺ ആയും 2014ൽ 65,000 ടൺ ആയും ഉത്പാദനം വർദ്ധിപ്പിച്ചു.

പക്ഷേ, സ്ഥാപനം പിന്നീട് നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഉരുക്ക് ബില്ലറ്റ് കൊണ്ടുവന്ന് ടി.എം.ടി കമ്പികൾ ( വാർക്ക കമ്പികൾ)
നിർമ്മിക്കാനുള്ള റീറോളിംഗ് മിൽ ആരംഭിച്ചെങ്കിലും 2015ൽ ആരംഭിച്ച പ്രവൃത്തി 2016ൽ നിറുത്തേണ്ടി വന്നു. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് ഉരുക്ക് ബില്ലറ്റ് ആവശ്യത്തിന് ലഭിക്കാതായതോടെയാണ് നിർമ്മാണം നിലച്ചത്. റീറോളിംഗ് മിൽ തുടങ്ങിയത് 65 കോടി രൂപ വായ്പയെടുത്താണ്. യന്ത്രസാമഗ്രികൾ ഇപ്പോൾ തുരുമ്പെടുത്ത് നശിക്കുന്ന പരുവത്തിലാണ്.

" പൊതുമരാമത്ത് വകുപ്പുകാർ സ്റ്റീൽ കോംപ്ലക്‌സിൽ നിന്നു ടി.എം.ടി എടുക്കാൻ തുടങ്ങിയിരുന്നെങ്കിൽ ഉത്പാദനം നിലയ്ക്കുന്നത് ഒഴിവാക്കാമായിരുന്നു. ഇനിയെങ്കിലും അനുഭാവത്തോടെയുള്ള നടപടിയുണ്ടാവണം.

എം.കെ. രാഘവൻ എം.പി

ഉത്പാദനം നിലച്ചത്

2016 ൽ

ആകെയുള്ള

തൊഴിലാളികൾ

45