കോഴിക്കോട്: കേന്ദ്ര സർക്കാരിനെതിരെ രാജ്യവ്യാപകമായി ജനകീയ പ്രക്ഷോഭം ശക്തമാവുകയാണെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ പറഞ്ഞു. രാജ്യത്തെ ഗ്രാമീണ തപാൽ ജീവനക്കാരുടെ അംഗീകൃത സംഘടനയായ ആൾ ഇന്ത്യ ഗ്രാമീൺ ഡാക് സേവക് യൂണിയന്റെ (എ.ഐ.ജി.ഡി.എസ്.യു) നാലാം സംസ്ഥാന സമ്മേളനം കോഴിക്കോട് ഹോട്ടൽ നളന്ദ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുരക്ഷിതമെന്ന് കരുതിയ തൊഴിൽ മേഖലയിലുള്ളവരാണ് ഇന്ന് സുരക്ഷയില്ലാത്ത അവസ്ഥയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അഖിലേന്ത്യാ ജനറൽ സെക്രട്ടറി എസ്.എസ്. മഹാദേവയ്യ മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തിന് തുടക്കം കുറിച്ച് രാവിലെ ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്തു നിന്ന് പ്രകടനം നടന്നു. കെ.എ. വർഗീസ് പതാക ഉയർത്തി. സ്വാഗതസംഘം ചെയർമാൻ പി.കെ. നാസർ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ജി.ഡി.എസ്.യു കോ - ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ വിജയൻ കുനിശ്ശേരി,എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി.പങ്കജാക്ഷൻ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി. ബാലൻ, ടി.എൻ.മോഹനചന്ദ്രൻ, കെ. ജാഫർ, പി.വി. മാധവൻ,കെ.സി. ബിന്ദു തുടങ്ങിയവർ സംസാരിച്ചു. എം.ടി. സുരേഷ് സ്വാഗതം പറഞ്ഞു. സമ്മേളനത്തിൽ കേരളത്തിലെ 24 ഡിവിഷനുകളിൽ നിന്നായി അഞ്ഞൂറ് പ്രതിനിധികൾ പങ്കെടുത്തു.