palam

കുറ്റ്യാടി: കിഴക്കൻ മലയോരപ്രദേശങ്ങളെ തൊട്ടിൽപാലം ടൗണുമായി ബന്ധിപ്പിക്കുന്ന മുള്ളൻകുന്ന് റോഡിലെ നടുത്തോട് പാലം പൊളിച്ചുമാറ്റിയ പോലെ തന്നെ ഇപ്പോഴും. പുനർനിർമ്മാണം അനിശ്ചിതത്വത്തിലെന്നോണം നീളുകയാണ്.
ഇതു വഴി കടന്നുപോകുന്ന ബി.എസ്.എൻ.എൽ കേബിൾ മാറ്റി സ്ഥാപിക്കാത്തതാണ് പ്രശ്നം.

പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിട്ടുകഴിഞ്ഞ്. ബി.എസ്.എൻ.എൽ അധികൃതർ കനിയാത്തതുകൊണ്ട് മാത്രം കരാറുകാരന് കഴിഞ്ഞിട്ടില്ല.പണി തുടങ്ങാനാവുന്നില്ല.
തൊട്ടിൽപാലം - മുള്ളൻകുന്ന് റോഡിലെ നടുത്തോടിന് കുറുകെയുള്ള കല്ലുനിരപാലം അപകടാവസ്ഥയിലായതോടെ കഴിഞ്ഞ വർഷം ജൂണിലാണ് ഗതാഗതം നിരോധിച്ചത്. തുടർന്ന് ഇ.കെ വിജയൻ എം.എൽ.എ യുടെ നിരന്തര സമ്മർദ്ദത്തെ തുടർന്ന്
പാലം പുതുക്കിപ്പണിയാൻ പൊതുമരാമത്ത് വകുപ്പ് രണ്ട് കോടി രൂപ അനുവദിക്കുകയായിരുന്നു. വൈകാതെ ടെൻഡർ നടപടി പൂർത്തിയാക്കിയതിനു പിറകെ പഴയ പാലം പൊളിച്ചുമാറ്റി.
ഇപ്പോൾ, ബദൽ റോഡില്ലാതെ മലയോരനിവാസികൾ ഏറെ പ്രയാസപ്പെട്ടാണ് തൊട്ടിൽപാലം ടൗണിലെത്തുന്നത്. പാലം പൊളിച്ച് മാറ്റി ആഴ്ചകൾ കഴിയുമ്പോഴും ബി.എസ്.എൻ.എൽ കേബിൾ മാറ്റി സ്ഥാപിക്കാത്തതിനെതിരെ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ. മഴ തുടങ്ങുംമുമ്പ് പാലത്തിന്റെ തൂണുകളുടെ പണി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ നിർമ്മാണം വല്ലാതെ നീളുമെന്ന ആശങ്കയാണ് ഇവർക്ക്. പൊതുമരാമത്ത് വകുപ്പ് വേണ്ടതു പോലെ ഇടപെടാത്തതു കൊണ്ടാണ് അനിശ്ചിതത്വം നീളുന്നതെന്നും നാട്ടുകാർ പറയുന്നു.