bike

നാദാപുരം: പാറക്കടവ് ഉമ്മത്തൂരിൽ വീട്ടിലെ കാർപ്പോർച്ചിൽ വച്ചിരുന്ന രണ്ട് ബൈക്കുകൾ തീയിട്ട് അജ്ഞാതർ നശിപ്പിച്ചു. ചെക്യാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ കിണറുള്ളതിൽ ഷിബിൻ ലാലിന്റെ കെ.എൽ.18 ജി 8952 നമ്പർ ബൈക്കും, ബന്ധു അനൂപിന്റെ കെ.എൽ. 18 യു. 7835 നമ്പർ ബൈക്കുമാണ് ഇന്നലെ പുലർച്ചയോടെ തീയിട്ടത്.

ഇരുവരും ഉമ്മത്തൂരിലെ വിവാഹ വീട്ടിൽ പോയി ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് മടങ്ങിയെത്തിയത്. തുടർന്ന് സമീപത്തെ ചോരങ്ങാട്ട് നാസറിന്റെ വീട്ടിലെ പോർച്ചിലാണ് ബൈക്കുകൾ വച്ചത്. പുലർച്ചെ ഒന്നോടെ പോർച്ചിൽ നിന്ന് സ്‌ഫോടന ശബ്ദവും വെളിച്ചവുമുണ്ടായതിനെ തുടർന്ന് വീട്ടുകാരുണർന്നപ്പോഴാണ് ബൈക്കുകൾ കത്തുന്നത് കണ്ടത്.

ബഹളം കേട്ട് അയൽ വാസികൾ ഓടിയെത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും ബൈക്കുകൾ പൂർണമായി കത്തി നശിച്ചിരുന്നു. വളയം എസ്.ഐ ആർ.സി. ബിജുവിന്റെ നേതൃത്വത്തിൽ പൊലീസെത്തി പരിശോധന നടത്തി. ഷിബിൻ ലാലിന്റെ പരാതിയിൽ വളയം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.