arrest

കോഴിക്കോട്:വ്യാജ പാസ്‌പോർട്ട് കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ നൈജീരിയൻ ഫുട്‌ബോൾ താരത്തെ നാഗ്പൂർ പൊലീസ് അറസ്റ്റ് ചെയ്‌തു. റോയൽ ട്രാവൽസ് എഫ്.സി താരം ഇമ്മാനുവൽ യുക്കോച്ചിയെയാണ് (28) ഇരിക്കൂരിലെ ഡൈനാമോസ് ഗ്രൗണ്ടിൽ നിന്ന് ശനിയാഴ്ച രാത്രി എട്ടിന് കളിക്ക് തൊട്ടുമുമ്പ് അറസ്റ്റ് ചെയ്തത്. തുടർന്ന് കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ താമസിപ്പിച്ച ശേഷം ഇന്നലെ രാവിലെ സി.ജെ.എം കോടതിയിൽ ഹാജരാക്കി.

ട്രാൻസിറ്റ് വാറന്റ് ലഭിച്ച ശേഷം യുക്കോച്ചിയെ നാഗ്പൂരിലേക്ക് കൊണ്ടുപോയി. 2015ലെ വ്യാജ പാസ്‌പോർട്ട് കേസിലാണ് യുക്കോച്ചിയെ അറസ്റ്റ് ചെയ്‌തത്. ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് വാറൻഡ് പുറപ്പെടുവിക്കുകയായിരുന്നു. നിലവിൽ കോഴിക്കോട്ടെ റോയൽ ട്രാവൽസ് ടീമിനായി സെവൻസ് കളിക്കുകയായിരുന്നു. ഒരു മാസം മുമ്പാണ് ഇയാൾ ടീമിൽ എത്തിയതെന്ന് അധികൃതർ പറഞ്ഞു.