മുക്കം: നഗരസഭയിലെ മംഗലശേരി വാർഡ് സംസ്ഥാനത്തെ ആദ്യത്തെ നഗര ഹരിത വാർഡായി. നിശ്ചിത നിബന്ധനകൾ കുറ്റമറ്റ നിലയിൽ നടപ്പാക്കിയതായി കണ്ട് ഹരിത കേരള മിഷൻ ശുപാർശ ചെയ്തതോടെയാണ് മംഗലശ്ശേരിയെ ഹരിത വാർഡായി പ്രഖ്യാപിച്ചത്. ഹരിത സഹായ സ്ഥാപനമായ നിറവ് വേങ്ങേരിയുടെ സാങ്കേതിക സഹായവും ഇവർക്ക് ലഭിച്ചു.
ജില്ലയിലെ പനങ്ങാട്, ബാലുശ്ശേരി പഞ്ചായത്തുകളിലെ ഓരോ വാർഡുകൾ ഇതിനു മുമ്പ് ഹരിത വാർഡുകളായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ നഗരസഭയിൽ ഒരു വാർഡിന് ഈ പദവി ആദ്യമാണ്.
ചേന്ദമംഗല്ലൂർ ഗവ.യു.പി സ്‌കൂളിൽ ഒരുക്കിയ ചടങ്ങിൽ ജില്ലാ കളക്ടർ എസ്. സാംബശിവറാവു ഹരിതവാർഡ് പ്രഖ്യാപനം നിർവഹിച്ചു. ഹരിതകേരളം മിഷൻ നിർദ്ദേശിച്ച മാലിന്യ സംസ്‌കരണം, ജലസംരക്ഷണം, കൃഷി എന്നിവ പ്രധാനമാണെന്നും ജനങ്ങൾ അത് വിജയിപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. മാതൃകയായി പ്രവർത്തിക്കുന്ന ഹരിതകർമ്മ സേനാംഗങ്ങളെ കളക്ടർ അഭിനന്ദിച്ചു.
സഞ്ചരിക്കുന്ന സ്വാപ്പ് ഷോപ്പിന്റെ ഉദ്ഘാടനവും മീൻ ഇറച്ചി എന്നിവ വാങ്ങുന്നതിന് കുടശീല ഉപയോഗിച്ച് നിർമ്മിച്ച മീങ്കുടയുടെ ലോഞ്ചിഗ് കർമവും ജില്ലാ കളക്ടർ നിർവഹിച്ചു. വീൽചെയറിലായിട്ടും സർഗശേഷി കൈവിടാത്ത റീജയാണ് സഞ്ചികൾ തയ്യാറാക്കിയത്. അവർക്കുള്ള ഉപഹാരവും ജില്ലാ കളക്ടർ സമ്മാനിച്ചു.
ഹരിതപൗരനായി തിരഞ്ഞെടുക്കപ്പെട്ട ടി.കെ. അഷ്‌റഫിനെയും ഹരിത കുടുംബമായി തിരെഞ്ഞെടുക്കപ്പെട്ട അബദുറഹ്‌മാൻ എടക്കുന്നിയുടെ കുടുംബത്തെയും ചടങ്ങിൽ അഭിനന്ദിച്ചു.
നഗരസഭാ ചെയർമാൻ വി.കുഞ്ഞൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.കെ ഹരീഷ് പദ്ധതി അവതരണം നടത്തി.ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി. പ്രകാശ്, നഗരസഭ
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. പ്രശോഭ് കുമാർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി.ശ്രീധരൻ , നിറവ് പ്രോജക്ട് ഡയറക്ടർ ടി.കെ. മോഹനൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്‌സൺ വി.ലീല, കൗൺസിലർമാരായ ഷഫീക്ക് മാടായി, ടി.ടി. സുലൈമാൻ, പി. കെ. മുഹമ്മദ്, എ.അബ്ദുൽഗഫൂർ, വിവിധ സംഘടന പ്രതിനിധികളായ കെ.സുന്ദരൻ, കെ മോഹനൻ, എം. സി.വേണു ഗോപാലൻ, ഒ. അബ്ദുൽ അസീസ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എൻ കെ ലൂഷൻ എന്നിവർ സംസാരിച്ചു.
മികവ് കൈവരിച്ചത് ഇങ്ങനെ
1. വാർഡിലെ എല്ലാ വീടുകളിലും ജൈവമാലിന്യ സംസ്‌കരണ സംവിധാനം
2. അജൈവമാലിന്യങ്ങൾ യൂസർ ഫീ നൽകി ഹരിതകർമ്മ സേനയ്ക്ക് കൈമാറൽ
3. പൊതുചടങ്ങുകളിൽ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കൽ
4. വീഥികളും ജലാശയങ്ങളും ശുചിയാക്കി വയ്ക്കൽ
5. ഹരിത നിയമാവലി സംബന്ധിച്ച ബോധവത്കരണം
6. വീടുകളിൽ പച്ചക്കറികൃഷി വ്യാപിപ്പിക്കൽ