കൽപ്പറ്റ: ലക്ഷങ്ങൾ ചെലവഴിച്ച് പഞ്ചനക്ഷത്ര ഹോട്ടലിൽ നടത്തുന്ന പഞ്ചായത്ത് ദിനാഘോഷം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.അനിൽകുമാർ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. കേരളത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പുത്തുമലയിൽ മാസങ്ങൾ കഴിഞ്ഞിട്ടും പുനരധിവാസ പ്രവർത്തനങ്ങൾ എങ്ങുമെത്തിയിട്ടില്ല. ദുരിതബാധിതർക്ക് സ്ഥലം നൽകാൻ സന്നദ്ധമായിട്ടും അതിന് മൂന്ന് ക്യാബിനറ്റ് യോഗം നടന്നിട്ടും അംഗീകാരം നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ ഇത്തരം പരിപാടികൾ നടത്തി പണം ധൂർത്തടിക്കുന്നത് അംഗീകരിക്കാനാവില്ല. ജനപ്രതിനിധിയെന്ന നിലയിൽ ഈ പരിപാടിയിൽ പങ്കെടുക്കില്ല. സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തിലെയും ജനപ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടിക്കെത്തുന്നവർക്കുള്ള താമസമടക്കം ഒരുക്കിയിട്ടുള്ളത് ആഢംബര ഹോട്ടലിലാണ്. പ്രളയബാധിതർ താമസിക്കുന്ന വീടുകൾക്ക് വാടക കൊടുക്കാൻ പോലും പണമില്ലാതെ കഷ്ടപ്പെടുമ്പോഴാണ് ഇത്തരത്തിൽ പണം ധൂർത്തടിക്കുന്നത്. രണ്ട് പ്രളയം നടന്ന ജില്ലയെന്ന നിലയിൽ വൻകിട പരിപാടികൾ നടത്തുമ്പോൾ അതിന്റെ സംഘാടകർ ഇക്കാര്യം ശ്രദ്ധിക്കേണ്ടതായിരുന്നു. മറ്റ് നിയോജകമണ്ഡലങ്ങളിൽ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമ്പോൾ കൽപ്പറ്റയിൽ പദ്ധതികളെല്ലാം മുടങ്ങുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.