കൽപ്പറ്റ: മാനന്തവാടി താലൂക്കിലെ തിരുനെല്ലി വില്ലേജിൽ കുടക് ജില്ലയോട് ചേർന്ന് നിൽക്കുന്നതും അതീവ പാരിസ്ഥിതി പ്രാധാന്യമുളളതുമായ ബ്രഹ്മഗിരി ബി കാപ്പി എസ്റ്റേറ്റിലെ മരങ്ങൾ മുറിച്ചുകടത്തുന്നതും ഹെലിപാഡ്, അനധികൃതകെട്ടിടങ്ങൾ, കുളം എന്നിവ നിർമ്മിക്കുവാൻ എസ്റ്റേറ്റിന്റെ പുതിയ ഉടമകൾ നടത്തുന്ന ശ്രമം തടയണമെന്ന് തോൽപ്പെട്ടി ബ്രഹ്മഗിരി സംരക്ഷണസമിതിയും വയനാട് പ്രകൃതിസംരക്ഷണ സമിതിയും ആവശ്യപ്പെട്ടു.

ബ്രിട്ടീഷ് പൗരന്മാരായിരുന്ന വാനിങ്കൻ സഹോദരങ്ങളുടെ ഉടമസ്ഥതയിലായിരുന്ന ഈ എസ്റ്റേറ്റ് പലരുടെയും കൈമാറ്റത്തിനൊടുവിൽ കർണാടക ആഭ്യന്തരമന്ത്രിയായിരുന്ന മലയാളിയുടെയും സഹോദരന്റെയും മകന്റെയും ഉടമസ്ഥതയിലാണ് ഇപ്പോൾ. നിയമതടസ്സം മൂലം രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിച്ചിട്ടില്ല. എസ്റ്റേറ്റിന് നൽകിയ വിലയുടെ പത്തിരട്ടിയിലധികം വിലപിടിപ്പുളള വൻമരങ്ങൾ ഈ എസ്റ്റേറ്റിലുണ്ട്. 500 ഏക്കർ വരുന്ന എസ്റ്റേറ്റ് ചെങ്കുത്തായതും ചതുപ്പുകൾ നിറഞ്ഞതുമാണ്. എസ്റ്റേറ്റിന്റെ ഉളളിൽതന്നെ 100 ലധികം എക്കർ ഭൂമി വനംവകുപ്പ് നിക്ഷിപ്ത വനഭൂമി നിയമപ്രകാരം പിടിച്ചെടുത്ത് ജണ്ടയിട്ട് വേർതിരിച്ചിട്ടുണ്ട്. നിത്യഹരിതമായ ഈ വനത്തിനുളളിൽ ആന, കടുവ, കരടി തുടങ്ങിയ വന്യമൃഗങ്ങൾ അധിവസിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ യന്ത്രങ്ങൾ ഉപയോഗിച്ച് കാപ്പിച്ചെടികൾ പിഴുതുമാറ്റുകയും 7 ഏക്കർ ചതുപ്പുനിലം നികത്താൻ ആരംഭിക്കുകയും ചെയ്തു. നാട്ടുകാർ, റവന്യു വനംവകുപ്പ് അധികൃതർക്ക് പരാതി നൽകിയതിനെതുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

ബ്രഹ്മഗിരി എസ്റ്റേറ്റിന് താഴ് വാരത്തുളള കുനിക്കോട്, വാകേരി, ദമ്പട്ട, മേലെ വാകേരി, അരമംഗലം എന്നീ 200 ഏക്കറോളം വരുന്ന വയലുകളിലെ കൃഷിക്കാവശ്യമായ വെളളവും കുടിവെളളവും ബ്രഹ്മഗിരിയെ ആശ്രയിച്ചാണ്. ബ്രഹ്മഗിരി എസ്റ്റേറ്റിൽ തൊഴിലെടുത്ത് ജീവിക്കുന്ന 23ൽപരം കുടുംബങ്ങളുടെ ജീവിതവും താറുമാറാകും. കഴിഞ്ഞ പ്രളയകാലത്ത് മണ്ണിടിച്ചിലുണ്ടായ ഇവിടെ മരങ്ങൾ മുറിച്ചാൽ ഉരുൾപൊട്ടി നാശമുണ്ടാകും.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടമ്പോൾ ബ്രിട്ടീഷുകാരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എസ്റ്റേറ്റുകളുടെ കൈമാറ്റങ്ങൾ അസാധുവാണെന്ന് കേരള ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും വിധി നിലവിലുണ്ട്. കൈമാറ്റത്തിന് ഇന്ത്യൻ സർക്കാരിന്റെ പ്രത്യേക അനുമതിയും റിസർവ് ബേങ്കിന്റെ അംഗീകാരവും വേണം. ബ്രഹ്മഗിരി ബി എസ്റ്റേറ്റ് ഇന്നത്തെ അവസ്ഥയിൽ നിലനിർത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ബ്രഹ്മഗിരി സംരക്ഷണസമിതി രൂപീകരിച്ചിട്ടുണ്ട്.

പ്രകൃതി സംരക്ഷണസമിതി പ്രസിഡന്റ് ബാദുഷ,
ബ്രഹ്മഗിരി സംരക്ഷണസമിതി ചെയർമാൻ ഷൈജൻ,
ഷാജോ മാത്യു, യു.കെ.വിജയൻ, മൂസക്കുട്ടി,ജോണി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു