padam

കുറ്റ്യാടി: ചൂടിന്റെ താണ്ഡവത്തിൽ വെള്ളം കിട്ടാക്കനിയായതോടെ ജില്ലയിലെ നെല്ലറയായ പെരുവയൽ പാടശേഖരം വിണ്ടു കീറുന്നു. പെരുവയൽ പാടശേഖരത്തിലെ നൂറ്റി അമ്പത് ഏക്കറിലാണ് നെൽക്കൃഷിയുള്ളത്. ഇവിടത്തുകാരുടെ പ്രധാന വരുമാന മാർഗവും നെൽക്കൃഷിയാണ്. എന്നാൽ കൃഷി കരിഞ്ഞുണങ്ങിയതോടെ ഇവരുടെ വരുമാന മാർഗവും ഇല്ലാതായി. സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്ത സ്ഥലത്തുമെല്ലാമാണ് കൃഷി. എന്നാൽ വേനലിൽ കൃഷി വിണ്ടുകീറിയതോടെ പാട്ടക്കരാർ തുകയടക്കം എങ്ങനെ നൽകുമെന്ന് അറിയാതെ കുഴയുകയാണ് കർഷകർ.

മൂന്ന് മാസം മുമ്പ് വിത്തിട്ട് പാടശേഖരങ്ങളാണ് കരിഞ്ഞുണങ്ങിയത്. ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും മറ്റും വായ്‌പയെടുത്താണ് പലരും കൃഷിയിറക്കിയത്. എന്നാൽ വേനലിന്റെ വരവോടെ ഇവർ വലിയ കടബാദ്ധ്യതയിലായി. കൃഷി നശിച്ചതോടെ നിത്യചെലവിന് പോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണിവർ. ഒപ്പം വായ്പകൾ എങ്ങനെ തിരിച്ചടയ്‌ക്കുമെന്ന ഭീതിയും ഇവർക്കുണ്ട്.

മുമ്പ് ജല ക്ഷാമമുണ്ടായപ്പോൾ പമ്പുപയോഗിച്ച് തോട്ടിൽ നിന്ന് വയലിൽ വെള്ളമെത്തിച്ചാണ് കൃഷിയിറക്കിയിരുന്നത്. എന്നാൽ ഇത്തവണത്തെ കടുത്തവേനലിൽ തോടുകൾ കൂടി വരണ്ടതോടെയാണ് കൃഷകരുടെ പ്രതിസന്ധി ഇരട്ടിച്ചത്.

കുറ്റ്യാടി പദ്ധതിയുടെ ഭാഗമായുള്ള കനാലിലൂടെ വെള്ളം ലഭിച്ചാൽ കൃഷിക്ക് അല്പമെങ്കിലും ആശ്വസമാകുമെന്നാണ് കൃഷിക്കാർ പറയുന്നത്. അതിനായി അധികൃതരുടെ ഭാഗത്തു നിന്ന് അനുകൂല നടപടികളുണ്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.