കോഴിക്കോട്: കേരളത്തിൽ ഒരാൾപോലും വിശന്നിരിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. 'പാഠം ഒന്ന് പാടത്തേക്ക് പദ്ധതി"യുടെ ഭാഗമായി പടിഞ്ഞാറ്റുംമുറി യു.പി സ്‌കൂൾ വിദ്യാർത്ഥികളും പാടശേഖര സമിതിയും സംയുക്തമായി അശ്വതി പാടശേഖരത്തിൽ നടത്തിയ നെൽക്കൃഷി കൊയ്‌ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക കൃഷിരീതി സ്വീകരിക്കണമെന്നും ആവശ്യമായ പച്ചക്കറികൾ വീടുകളിൽ തന്നെ ഉത്പാദിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി എ.കെ. ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി തരിശുരഹിത പഞ്ചായത്തുകൾക്കായി വിദ്യാഭ്യാസ വകുപ്പും കൃഷി വകുപ്പും സംയുക്തമായാണ് 'പാഠം ഒന്ന് പാടത്തേക്ക്" എന്ന പദ്ധതിക്ക് രൂപീകരിച്ചത്.
കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ചോയിക്കുട്ടി, പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ. ബിന്ദു, ജില്ലാപഞ്ചായത്ത് അംഗം എൻ.കെ. ജുമൈലത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീലത ബാബു, മേലാൽ മോഹനൻ, വിജില സി.വി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശാന്ത മുതിയേരി, പി. ശോഭീന്ദ്രൻ, പടിഞ്ഞാറ്റുമുറി ഗവ. യു.പി സ്‌കൂൾ ഹെഡ്മാസ്റ്റർ സുനിൽകുമാർ, കോഴിക്കോട് ഡി.ഇ.ഒ എൻ മുരളി, പി.ടി.എ പ്രസിഡന്റ് കെ.പി. ഷീബ തുടങ്ങിയവർ പങ്കെടുത്തു.