കൽപ്പറ്റ: പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി കൽപ്പറ്റ എസ്.കെ.എം.ജെ സ്‌കൂൾ മൈതാനത്ത് ആരംഭിച്ച എക്സിബിഷനിൽ ആദ്യം ദിവസം താരമായത് ചൈനീസ് കുഞ്ഞെലികൾ.
മുയൽ, അണ്ണാൻ തുടങ്ങിയ വളർത്തു മൃഗങ്ങളെ അറിയാമെങ്കിലും വീട്ടിൽ വളർത്താവുന്ന എലികൾ അത്ര സുപരിചിതമാവില്ല.
സാധാരണ എലികളിൽ നിന്ന് വ്യത്യസ്തമാണ് ഒരു കൈകുമ്പിളിൽ ഒതുങ്ങുന്ന വലിപ്പം മാത്രമുള്ള ഇവ. എലിവർഗത്തിൽ ഉൾപ്പെട്ട ഹാംസ്റ്റർ എന്നു വിളിക്കുന്ന കുഞ്ഞൻ എലികളാണിത്. ആയിരം രൂപ വരെയാണ് ഒരു ജോഡിയുടെ വില. കൂട്ടിലിട്ടു വളർത്തുന്ന ഈ കുഞ്ഞോമനകളെ വിൽപ്പനയ്‌ക്കെത്തിച്ചിരിക്കുന്നത് പെരുമ്പാവൂരിലെ അറ്റ്ലാന്റ അക്വാ ഫാം ആണ്. ഇതോടൊപ്പം പാണ്ട മൈസ് എന്ന കുഞ്ഞൻ ചുണ്ടെലികളും പ്രദർശനത്തിനുണ്ട്. മൂന്ന് കുഞ്ഞോമനകളെ മുലയൂട്ടുന്ന ഈ കുഞ്ഞൻ ചുണ്ടെലി സന്ദർശകരെ ഏറെ ആകർഷിക്കുന്ന കാഴ്ചയാണ്. ചില്ലു കൂട്ടിലാണ് ഇവയെ പ്രദർശിപ്പിച്ചിരിക്കുന്നത്.
തണുപ്പുള്ള പ്രദേശങ്ങളിലാണ് ഇവയുടെ ആവാസം. കൂടുതൽ ചൂട് ഏൽക്കാൻ പാടില്ല. അതുകൊണ്ടു തന്നെ പകൽ സമയങ്ങളിൽ കൂടുതലും പുറത്തിറങ്ങില്ല. കാര്യമായി ഭക്ഷണം കഴിക്കുന്നതും പുറത്തിറങ്ങുന്നതുമെല്ലാം രാത്രിയാണ്.
മനുഷ്യർ കഴിക്കുന്ന എന്തും ഇവ തിന്നും. വിത്തിനങ്ങളും പയർ വർഗങ്ങൾ ഉൾപ്പെടെയുള്ള പച്ചക്കറികളുമാണ് ഇഷ്ടം. ഭക്ഷണം വേഗത്തിൽ അകത്താക്കി കവിളിൽ സൂക്ഷിക്കും. പിന്നീട് കൂട്ടിലെത്തിയ ശേഷം പുറത്തേക്കെടുത്ത് സാവധാനം കഴിക്കുക എന്നതാണ് ഇവയുടെ രീതി. മനുഷ്യരുമായി വേഗത്തിൽ ഇണങ്ങുന്ന ഇവയ്ക്ക് വെറും 25 ഗ്രാം വരെ മാത്രമെ ഭാരമുള്ളൂ. എട്ടു മാസം പ്രായമുള്ള ഒരു ഹാംസ്റ്റർ 28 ദിവസം കൊണ്ട് പ്രസവിക്കും. ഇവയുടെ ഇരട്ടി വലിപ്പമുള്ള റഷ്യൻ ഹാംസ്റ്ററും ഉണ്ട്. ചെറുജീവികളായതിനാൽ ഫ്ളാറ്റിൽ താമസിക്കുന്നവർക്കിടയിലാണ് ഈ കുഞ്ഞനെലികൾക്ക് ആവശ്യക്കാരേറെ എന്ന് ഫാം ഉടമ മനോജ് പറഞ്ഞു. കൂട്ടിൽ മരപ്പൊടി വിരിച്ചാണ് ഇവയെ പാർപ്പിച്ചിരിക്കുന്നത്.