കൽപ്പറ്റ: സംസ്ഥാന തല പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഉദ്ഘാടന സമ്മേളനം ഇന്ന് വൈത്തിരി വില്ലേജിൽ നടക്കും. രാവിലെ 10ന് ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. ആറു മന്ത്രിമാരും പ്രതിപക്ഷ നേതാവും സംസ്ഥാനത്തിന്റെ വിവിധ പഞ്ചായത്തുകളിൽ നിന്നെത്തിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും. തദ്ദേശ ഭരണ മന്ത്രി എ.സി മൊയ്തീൻ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും.

ആർദ്രം പദ്ധതിയും തദ്ദേശ സ്ഥാപനങ്ങളുമെന്ന വിഷയത്തിൽ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ സംസാരിക്കും. ഹരിത കേരളം മിഷനും തദ്ദേശ സ്ഥാപനങ്ങളുമെന്ന വിഷയത്തിൽ കൃഷി മന്ത്രി വി.എസ്.സുനിൽകുമാറും, പൊതുവിദ്യാഭ്യാസ യജ്ഞവും തദ്ദേശ സ്ഥാപനങ്ങളുമെന്ന വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി.ജലീലും, ഗതാഗതവും തദ്ദേശ സ്ഥാപനങ്ങളുമെന്ന വിഷയത്തിൽ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനും സംസാരിക്കും. ഉച്ചയ്ക്കു ശേഷം നടക്കുന്ന സെമിനാറിൽ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥും ജലവിഭവ വകുപ്പു മന്ത്രി കെ.കൃഷ്ണൻകുട്ടിയും പങ്കെടുക്കുന്നുണ്ട്.

ഉദ്ഘാടന സമ്മേളനത്തിനു ശേഷം വിവിധ സെഷനുകളിലായി സെമിനാറും ചർച്ചകളും നടക്കും. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. കെ.എൻ ഹരിലാൽ, കില ഡയറക്ടർ ജനറൽ ഡോ. ജോയി ഇളമൺ, മുൻ ഡയറക്ടർ ഡോ. പി.പി ബാലൻ, ചേമ്പർ ഓഫ് മേയേഴ്സ് ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ കളക്ടർ ഡോ. അദീല അബ്ദുല്ല തുടങ്ങിയവർ പ്രസംഗിക്കും.

സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ മുൻ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്,റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും റീബിൽഡ് കേരള മേധാവിയുമായ ഡോ. വി വേണു, തദ്ദേശ ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദാ മുരളീധരൻ തുടങ്ങിയവരും പങ്കെടുക്കും.