കൽപ്പറ്റ: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ, വയനാട് ടൂറിസം അസോസിയേഷൻ, കേരള കാറ്ററിങ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 25 ന് വയനാട്ടിലെ ഹോട്ടലുകളും ഭക്ഷണശാലകളും അടച്ചിടും. ഹോട്ടൽ മേഖല നേരിടുന്ന പ്രശ്നങ്ങളിൽ സംസ്ഥാന സർക്കാർ ഇടപെടുന്നില്ലെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പതിനായിരങ്ങൾ ഉപജീവനത്തിനായി സ്വയം തൊഴിൽ കണ്ടെത്തി നടത്തുന്ന ഈ മേഖലയെ തകർക്കുന്ന നയങ്ങളാണ് ആണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്.
നിസ്സാര കാരണങ്ങൾ പറഞ്ഞ് പൊല്യൂഷൻ കൺട്രോൾ ബോർഡ് അനുമതിപത്രം നിഷേധിക്കുകയാണ്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ രേഖകളില്ല എന്ന കാരണം പറഞ്ഞ് തദ്ദേശസ്ഥാപനങ്ങൾ ലൈസൻസ് പുതുക്കി നൽകാതിരിക്കുകയാണ്.
വയനാട്ടിൽ മാത്രമാണ് ഉദ്യോഗസ്ഥർ ഇത്തരത്തിൽ ഹോട്ടലുടമകളെ പീഡിപ്പിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
ഹോട്ടൽ, ബേക്കറി, മറ്റ് അനുബന്ധ മേഖലകളിൽ ഉള്ളവർ 25ന് മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസിലേക്ക് മാർച്ചും തുടർന്ന് ധർണയും നടത്തും. 9.30 ന് സിവിൽ സ്റ്റേഷൻ പരിസരത്തുനിന്ന് മാർച്ച് ആരംഭിക്കും.
വാർത്താസമ്മേളനത്തിൽ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സാജൻ പൊരുന്നിക്കൽ, ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ, ടൂറിസം അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അനീഷ് ബി നായർ, ജറൽ സെക്രട്ടറി അലി ബ്രാൻ, കേരള കാറ്ററിങ് അസോസിയേഷൻ പ്രസിഡന്റ് ചന്ദ്രൻ, സെക്രട്ടറി കെ.സി .ജയൻ എന്നിവർ പങ്കെടുത്തു.