വടകര: കൈത്തറി മേഖലയിൽ ആറു മാസമായി കൂലി കുടിശ്ശികയായ തുക അടുത്തയാഴ്ച തന്നെ നൽകാനുള്ള നടപടി സ്വീകരിച്ചു കഴിഞ്ഞതായി വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ. ജില്ലാ കൈത്തറി നെയ്ത്തുത്സവം വടകര ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കൈത്തറിക്ക് ലോക ബ്രാൻഡ് നൽകുക എന്ന ലക്ഷ്യത്തോടെ നൂതന പദ്ധതികൾ ആവിഷ്‌കരിക്കുകയാണ്. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള കൈത്തറി ജൈവ വസ്ത്ര ഷോറൂം തുടങ്ങും. മികച്ച കൈത്തറി തൊഴിലാളികൾക്കും കൈത്തറി സൊസൈറ്റിക്കും അവാർഡ് നൽകും. കൈത്തറി ഗ്രാമം പദ്ധതി തുടങ്ങാൻ നടപടിയായി കഴിഞ്ഞു. ഓരോ ജില്ലയിലെയും കൈത്തറി സംഘങ്ങളെക്കുറിച്ച് പഠിക്കാനായി കൈത്തറി ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 40 വ്യത്യസ്ത നിറത്തിലുള്ള കൈത്തറി സ്‌കൂൾ യൂണിഫോം നിർമ്മിക്കും. കഴിഞ്ഞ മൂന്ന് വർഷത്തിനുളളിൽ 73 ലക്ഷം മീറ്റർ കൈത്തറി തുണി ഉത്പാദിപ്പിച്ചു കഴിഞ്ഞു. 44 ലക്ഷം മീറ്റർ തുണി ഈ വർഷം ഉത്പാദിപ്പിക്കും. സംസ്ഥാനത്തെ 10 വരെയുള്ള സർക്കാർ വിദ്യാലയങ്ങളിൽ സൗജന്യ യൂണിഫോം പദ്ധതി നടപ്പാക്കിയത് ഇനി ഉപേക്ഷിക്കാനാവില്ല.