കൽപ്പറ്റ: 'ഏറ്റുമുട്ടലിലല്ല, മറിച്ച് വെടിവെച്ചാണ് സഖാവിനെ കൊന്നതെന്ന് ഞാൻ അന്നേ പറഞ്ഞിരുന്നു. മൃഗീയമായിരുന്നു ആ കൊലപാതകം". - അടിയോരുടെ പെരുമനെന്ന് അറിയപ്പെടുന്ന നക്‌സൽ നേതാവ് വർഗീസ് അമ്പത് കൊല്ലം മുമ്പ് കൊല്ലപ്പെടുമ്പോൾ ദൃക്‌സാക്ഷിയായിരുന്ന തിരുനെല്ലി അറവനാഴിയിലെ അച്യുതവാര്യർ മനസ് തുറന്നു. വർഗീസിനെ പിടിച്ച് കൊണ്ട് പോകുന്നത് നേരിൽ കണ്ടത് അച്യുതവാര്യരും മൂത്ത സഹോദരൻ പ്രഭാകര വാര്യരുമായിരുന്നു.
1970 ഫെബ്രുവരി 18നാണ് തിരുനെല്ലി സ്റ്റേഷന് താഴെ അക്കരെയുള്ള വീട്ടിൽ അന്തിയുറങ്ങിയ വർഗീസിനെ ഒറ്റിലൂടെയാണ് പൊലീസ് പിടികൂടുന്നത്. കൈകൾ കെട്ടി വയൽ വരമ്പിലൂടെ പൊലീസുകാർ വർഗീസിനെ നടത്തിക്കൊണ്ട് പോകുന്നത് ഇന്നലെക്കഴിഞ്ഞത് പോലെ അച്യുത വാര്യരുടെ മനസിലുണ്ട്. ഇന്ന് അച്യുതവാര്യർക്ക് വയസ് എഴുപത്തിയഞ്ച് കഴിഞ്ഞു. വർഗീസ് അച്യുതവാര്യർക്കും പ്രഭാകരവാര്യർക്കുമൊപ്പം മാനന്തവാടി ഗവ. ഹൈസ്‌കൂളിൽ ഒന്നിച്ച് പഠിച്ചിരുന്നു.
ജന്മികളുടെ ചൂഷണത്തിനെതിരെ പ്രതിഷേധിച്ച വർഗീസിനെ പിടികൂടി കൂമ്പാരക്കുനിയിലെ പാറക്കെട്ടിനരിലാണ് ചോദ്യം ചെയ്‌തത്. അന്ന് രണ്ട് മൂന്ന് പൊലീസുകാർ വീട്ടിൽ വന്ന് കഞ്ഞി വെള്ളം ചോദിച്ചിരുന്നു. അത് വർഗീസിന് വേണ്ടിയായിരുന്നു. ഒരു പാത്രത്തിൽ വെള്ളവുമായി കൂമ്പാരക്കുനിയുടെ സമീപത്തുവരെ അച്യുതവാര്യരും പ്രഭാകര വാര്യരും പോയിരുന്നു. ഒരു മണിക്കൂർ കഴിയും മുമ്പ് വെടി ശബ്ദം കേട്ടു. അതോടെ സഖാവിനെ അവർ വെടിവച്ച് കൊന്നെന്ന് ഉറപ്പായി. പക്ഷേ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ വർഗീസ് കൊല്ലപ്പെട്ടെന്ന കഥയാണ് പിന്നീട് പ്രചരിച്ചത്.
വർഗീസിനെ വെടിവച്ച് കൊന്നതാണെന്ന അച്യുതവാര്യരുടെയും പ്രഭാകര വാര്യരുടെയും തിരുനെല്ലിയിലെ ആദിവാസികളുടെയും മൊഴികൾ ആരും വിലക്കെടുത്തില്ല. അതിനിടെ പ്രഭാകരവാര്യർ മരിച്ചു. വർഗീസിനെ വെടിവച്ച് കൊന്നത് താനാണെന്ന് സി.ആർ.പി.എഫ് കോൺസ്റ്റബിൾ രാമചന്ദ്രൻ നായർ വെളിപ്പെടുത്തിതോടെയാണ് സത്യം പുറംലോകമറിഞ്ഞത്.
വർഗീസിനെ പൊലീസുകാർ പീഡിപ്പിച്ച് കൊന്നതാണെന്ന് മരിക്കുന്നതിന് തൊട്ട് മുമ്പ് വരെ പിതാവ് അരീക്കാട്ട് വർക്കി പറഞ്ഞിരുന്നു. വെള്ളമുണ്ട ഒഴുക്കൻമൂലയിൽ തറവാട്ട് വളപ്പിൽ സഖാവ് വർഗീസ് അന്തിയുറങ്ങാൻ തുടങ്ങിയിട്ട് അമ്പത് വർഷമായി. വർഗീസിനെ തെമ്മാടിക്കുഴിയിൽ അടക്കം ചെയ്യാൻ ഒരുങ്ങിയപ്പോഴാണ് വർക്കി തന്റെ മകന് അരീക്കാട്ടെ തറവാട്ടിൽ അന്തിവിശ്രമമൊരുക്കിയത്. അങ്ങനെ അരീക്കാട്ടെ തറവാട്ടിലെ സ്മൃതിമണ്ഡപത്തിലൂടെ വർഗീസ് ഇന്നും നാട്ടുകാരുടെ മനസിൽ ജീവിക്കുകയാണ്.