thiruvambadi

മുക്കം: തിരുവമ്പാടിയിലെ മൂന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ സ്ഥാന സർക്കാരിന്റെ ആർദ്രം മിഷനിലൂടെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും. കൊടിയത്തൂർ, തിരുവമ്പാടി, പുതുപ്പാടി കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഇന്ന് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യുമെന്ന് ജോർജ് എം. തോമസ് എം.എൽ.എ മുക്കത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജോർജ് എം. തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.

പുതുപ്പാടി എഫ്.എച്ച്.സിയുടെ ഉദ്ഘാടനം ഉച്ചയ്‌ക്ക് രണ്ടിനും തിരുവമ്പാടിയിലേത് മൂന്നിനും കൊടിയത്തൂരിലേത് അഞ്ചിനും നടക്കും. കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയതോടെ പുതുപ്പാടി, തിരുവമ്പാടി, കൊടിയത്തൂർ എന്നിവടങ്ങളിൽ ഇനി രാവിലെ ഒമ്പതു മുതൽ വൈകിട്ട് ആറു വരെ ഒ.പി പ്രവർത്തിക്കും. രോഗി സഹൃദമാകുന്ന ഇവിടങ്ങളിൽ അത്യാധുനിക സൗകര്യങ്ങളുമൊരുക്കും.

ലാബ്, ഫാർമസി സൗകര്യങ്ങളും മൂന്നു വീതം ഡോക്ടർമാരും ആനുപാതികമായി മറ്റു ജീവനക്കാരുമുണ്ടാവും. നാഷണൽ ഹെൽത്ത് മിഷൻ സൗകര്യങ്ങൾ ഒരുക്കുന്നതിന് പുറമെ പഞ്ചായത്തുകളും നാട്ടുകാരും സഹകരിച്ചാണ് ആശുപത്രികളുടെ തലവര മാറ്റിയത്. ജോർജ് എം. തോമസിന്റെ എം.എൽ.എയുടെ ഫണ്ടും ഇതിനായി ഉപയോഗിച്ചു.

തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ മിനി ജിംനേഷ്യം, മോഡുലാർ ഫാർമസി, ഗാർഡൻ, കുട്ടികളുടെ പാർക്ക്, വിശാലമായ ഇരിപ്പിട സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. പൂർണമായും പൊതുജന പങ്കാളിത്തത്തോടെയാണ് കൊടിയത്തൂരിൽ കെട്ടിടം നിർമ്മിച്ചത്. റിലീഫ് ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഒഫ് ഇന്ത്യ 18 ലക്ഷം രൂപ സംഭാവനയായി നൽകി. വ്യവസായികൾ, നാഷണൽ ഹെൽത്ത് മിഷൻ, കുടുംബശ്രീ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ സഹായവും ലഭിച്ചു.

ലാബിന് ആധുനിക രീതിയിലുള്ള നിർമ്മിക്കാൻ ജോർജ് എം. തോമസ് എം.എൽ.എ 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. പുതിയ കെട്ടിടത്തിൽ ഡോക്ടേഴ്സ് റൂം, ഫാർമസി, ഡ്രസിംഗ് റൂം, രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇരിക്കുന്നതിനുള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുള്ള, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി.ടി. അഗസ്റ്റിൻ, പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. രാഗേഷ് എന്നിവരും പങ്കെടുത്തു.

കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഇനി ഇങ്ങനെ

 ഒ.പിയുടെ പ്രവൃത്തനം ഇനി രാവിലെ ഒമ്പതു മുതൽ വൈകിട്ട് ആറു വരെ

 ലാബ്, ഫാർമസി സൗകര്യങ്ങൾ

 മൂന്നു വീതം ഡോക്ടർമാരും ആനുപാതികമായി മറ്റു ജീവനക്കാരും

 ആശുപത്രികളുടെ തലവര മാറ്റിയത്പഞ്ചായത്തുകളും നാട്ടുകാരും സഹകരിച്ച്

 തിരുവമ്പാടിയിൽ മിനി ജിംനേഷ്യം, മോഡുലാർ ഫാർമസി, ഗാർഡൻ, കുട്ടികളുടെ പാർക്ക്, വിശാലമായ ഇരിപ്പിട സൗകര്യം എന്നിവ ഒരുക്കി

 കൊടിയത്തൂരിൽ കെട്ടിടം നിർമ്മിച്ചത് പൊതുജന പങ്കാളിത്തത്തോടെ

 റിലീഫ് ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഒഫ് ഇന്ത്യ നൽകിയത് - 18 ലക്ഷം രൂപ