കൽപ്പറ്റ: ആയിരം രൂപയ്ക്ക് ഒരു ജോഡി എലി, ഇരുനൂറ് രൂപ വിലകളിൽ അലങ്കാരമത്സ്യങ്ങൾ, ചിരട്ടയിലും പാളയിലും ഒരുക്കിയ കരകൗശല ഉൽപ്പന്നങ്ങൾ, മൺപാത്രങ്ങൾ, ഭക്ഷ്യ ഉൽപ്പന്നങ്ങൾ, ചിത്രപ്രദർശനം, മാലിന്യ സംസ്‌ക്കരണത്തിന്റെ പുത്തൻ മാതൃകകൾ സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി കൽപ്പറ്റ എസ്.കെ.എം.ജെ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഒരുക്കിയ പ്രദർശന മേള വേറിട്ട കാഴ്ച്ചകളാൽ ശ്രദ്ധേയമാകുന്നു.
ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, സമഗ്ര ശിക്ഷാ കേരളം, ലൈഫ് മിഷൻ, കുടുംബശ്രീ, മിൽമ, കേരള കാർഷിക സർവ്വകലാശാല, വയനാട് നെയ്ത്തുഗ്രാമം, ഉറവ്, കേരള പൊലീസ്, ജനമൈത്രി എക്‌സൈസ്, വെറ്ററിനറി യൂണിവേഴ്സിറ്റി, സീഡ് അമ്പലവയൽ, ഗോത്രായനം ചിത്രപ്രദർശനം, തദ്ദേശ സ്വയം സ്ഥാപനങ്ങളുടെ വികസന മാതൃകകൾ തുടങ്ങിയ സ്റ്റാളുകൾ മേളയിലുണ്ട്.
പ്രദർശന മേള സി.കെ.ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.എം.നാസർ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരൻ മാസ്റ്റർ, കെ.ജി.പി.എ സംസ്ഥാന പ്രസിഡന്റ് തുളസി ടീച്ചർ, എക്സിബിഷൻ സബ് കമ്മിറ്റി ചെയർമാൻ പി.ഭരതൻ, എക്സിബിഷൻ കൺവീനർ ബോബൻ ചാക്കോ, കെ.ജി.പി.എ സംസ്ഥാന എക്സികൂട്ടീവ് മെമ്പർ യഹിയാ ഖാൻ തലക്കൽ, കെ.ജി.പി.എ ജില്ലാ സെക്രട്ടറി പി.എ. ബാബു തുടങ്ങിയവർ സംസാരിച്ചു.