കോഴിക്കോട്: സാമൂതിരിയുടെ നാടായ കോഴിക്കോട്ടേക്ക് ലക്ഷദ്വീപൻ രുചികൾ വിരുന്നെത്തിയിട്ട് ഒരു വർഷം. കാലിക്കറ്റ് യൂണിവേഴ്സിറ്റി റിസർച്ച് സ്‌കോളറായി ലക്ഷദ്വീപിൽ നിന്നെത്തിയ വിദ്യാർത്ഥികളുടെ വിജയഗാഥ കൂടിയാണ് പവിഴദ്വീപിന്റെ ഈ രുചിക്കൂട്ട്. മൂന്ന് പി.ജി വിദ്യാർത്ഥികൾ തുടക്കമിട്ട ദ്വീപ് വിഭവങ്ങളുടെ കഫേ നടക്കാവ് കൊട്ടാരം റോഡിലാണുള്ളത്.

ലക്ഷദ്വീപിന്റെ സമുദ്ര വൈവിധ്യങ്ങളും നാളികേര ഉത്പന്നങ്ങളും ഈ കഫേ മലബാറുകാർക്ക് പരിചയപെടുത്തി. കേരളത്തിലെ ആദ്യത്തെ സമ്പൂർണ ലക്ഷദ്വീപ് ഉത്പന്നങ്ങളുടെ കടയെന്ന ബഹുമതിയും ഇതിനുണ്ട്. എം.എ ഫോക്ലോർ സ്റ്റഡിസ് പഠനം പൂർത്തിയാക്കിയ പാലക്കാട്ടുകാരൻ നിഹാൽ പറമ്പിലും എം.എഡ് പഠിക്കുന്ന ആന്ത്രോത്ത് ദ്വീപുകാരനായ ഹംദുള്ള, കിൽത്താൻ ദ്വീപുകാരനായ നൗഷാദുമാണ് സംരംഭം തുടങ്ങിയത് ഇവർക്ക് മാർക്കറ്റിംഗ് സഹായങ്ങൾ നൽകുന്ന പാലക്കാട്ടുകാരനുമായ സുഹൃത്ത് അൻഷഫും ഒപ്പമുണ്ട്.


ദ്വീപ് വിഭവങ്ങൾ
 ലക്ഷദ്വീപ് സ്‌പെഷ്യൽ ട്യൂണ മീൻ അച്ചാർ

 ട്യൂണ മീൻ ഉണക്കിയെടുത്ത മാസ് മീൻ

 മാസ് പൊടിപ്പിച്ചത്

 മാസ് ചിപ്സ്

 മാസ് ചമ്മന്തി

 മാസ് പപ്പടം

 ലൈറ്റ് മീറ്റ് ട്യൂണ

 വെളിച്ചെണ്ണ

 ഉരുക്ക് വെളിച്ചെണ്ണ

 ദ്വീപ് സുറുക്ക

 ദ്വീപ് ചക്കര

 ദ്വീപ് ഉണ്ട

 നറുനണ്ടി സർബത്ത്

നന്നാറിയിൽ പന ചക്കര, തേൻ, ഈത്തപ്പഴം, ഏലക്ക, ഗ്രാമ്പു, ഇഞ്ചി തുടങ്ങിയവ ചേർത്തുണ്ടാക്കിയ നറുനീണ്ടി സർബത്താണ് കടയിലെ താരം. കൂടുതൽ ആവശ്യക്കാരുള്ളതും ഇവനു തന്നെ. കൂടാതെ ചായയും, കുലുക്കി സർബത്തും, വിവിധ ഷെയ്‌ക്കുകളും, മോജിറ്റോയുമെല്ലാം നറുനീണ്ടി സർബത്ത് കൊണ്ട് ഉണ്ടാക്കുന്നുണ്ട്. ദ്വീപ് ഉത്പന്നമല്ലാത്ത നറുനീണ്ടി സർബത്തും കോഴിക്കോട്ടെത്തിച്ചത് ഈ വിദ്യാർത്ഥികളാണ്. കൂടാതെ ഡയബെറ്റിക് സർബത്തും ഇവിടെ നിർമ്മിക്കുന്നുണ്ട്.

'ദ്വീപിൽ രാസവളങ്ങളും കീടനശികളും നിരോധിച്ചതിനാൽ ദ്വീപ് ഉത്പന്നങ്ങൾക്ക് വലിയ ഡിമാൻഡുണ്ട്. ഒന്നാം വാർഷികത്തോടനുബന്ധിച്ച് 49 തരം വെറൈറ്റി സർബത്തിന്റെ ഫെസ്റ്റും നടത്തുന്നുണ്ട്".

- നിഹാൽ