കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിന്റെ കൊയിലാണ്ടി കൊല്ലം പിഷാരിക്കാവ് ക്ഷേത്രത്തിലെ ചിറയിലുള്ള മീനുകൾ വില്പനയ്ക്ക് വെച്ചത് വിവാദമായി. നാളെ രാവിനെ 11.30ന് വില്പന നടത്തുമെന്നാണ് ദേവസ്വം ഓഫീസിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ലേല (ക്വട്ടേഷൻ) നോട്ടീസിലുള്ളത്.
എന്നാൽ മീനുകൾ വിൽക്കരുതെന്ന് പിഷാരിക്കാവ് ഭക്തജനസംഘം ആവശ്യപ്പെട്ടു. കൊല്ലം ചിറ ക്ഷേത്രാചാരങ്ങളുടെ ഭാഗമാണ്. മീൻ വിൽക്കാൻ നിരീശ്വരവാദികൾക്ക് സ്വാധീനമുള്ള ദേവസ്വം ബോർഡ് ഗൂഢാലോചന നടത്തുകയാണെന്നും ഇവർ ആരോപിച്ചു. മീൻ വില്പനയ്‌ക്കെതിരെ ഇന്നലെ നടന്ന പ്രതിഷേധ യോഗത്തിൽ സെക്രട്ടറി എം.രജിത് കുമാർ, പ്രസിഡന്റ് അജിത് ബാലു എന്നിവർ സംസാരിച്ചു.
ലേലത്തിന്റെ നിബന്ധനകൾ
1. ലേലത്തിൽ പങ്കെടുക്കുന്നവർ 2000 രൂപ നിരതദ്രവ്യം കെട്ടിവെക്കണം
2. ക്വട്ടേഷൻ നൽകിയവർക്കേ പരസ്യലേലത്തിൽ പങ്കെടുക്കാനാവൂ
3. ഏതിലാണ് (ലേലം/ക്വട്ടേഷൻ) കൂടുതൽ തുക ലഭിക്കുന്നത് അത് സ്ഥിരപ്പെടുത്തും
4. ഒരു കിലോ മീനിന്റെ വിലയാണ് ക്വട്ടേഷനിൽ കാണിക്കേണ്ടത്
5. പകൽസമയത്ത് മാത്രമേ മീൻ പിടിക്കാൻ പാടുള്ളൂ
6. ചെറിയ മത്സ്യങ്ങളെ പിടിക്കരുത്
7. ദേവസ്വം നിയമിച്ച ആളെ അറിയിച്ച ശേഷമേ മീൻ പിടിക്കാവൂ
8. അതത് ദിവസം പിടിക്കുന്ന മത്സ്യങ്ങൾ തൂക്കി വില അതത് ദിവസം തന്നെ അടയ്ക്കണം
'ലേലം, ക്വട്ടേഷൻ സംബന്ധിച്ചും മത്സ്യം പിടിക്കുന്നത് സംബന്ധിച്ചും ഏത് തീരുമാനവും സ്വീകരിക്കാനുള്ള അധികാരം ദേവസ്വം അധികൃതർക്കാണ്".
- ശ്രീ പിഷാരികാവ് ദേവസ്വം,
മലബാർ ദേവസ്വം ബോർഡ്
'എല്ലാ ജീവജാലങ്ങൾക്കും ആശ്രയമായ ക്ഷേത്രത്തിന്റെ ചിറയിൽ നിന്ന് മത്സ്യങ്ങളെ പിടിക്കാൻ അനുമതി നൽകിയ ദേവസ്വം ബോർഡ് വിശ്വാസികളെ വഞ്ചിക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളുണ്ടാവും".
- രജിത്ത് കുമാർ എം, പിഷാരികാവ് ഭക്തജനസംഘം സെക്രട്ടറി