കോഴിക്കോട്: കുന്ദമംഗലം മിനി സിവിൽ സ്റ്റേഷനിലേക്കുള്ള പ്രവേശനത്തിനും പാർക്കിംഗിനും പുതിയ സംവിധാനം ഏർപ്പെടുത്താൻ ധാരണയായി.
ജില്ലാ വികസന സമിതി യോഗത്തിൽ ഈ വിഷയം ഉന്നയിച്ചതിനെ തുടർന്ന് എം.എൽ.എ യുടെ സാന്നിദ്ധ്യത്തിൽ സ്ഥലം സന്ദർശിച്ച് നടപടി സ്വീകരിക്കാൻ എ.ഡി.എമ്മിനെ ചുമതലപ്പെടുത്തുകയായിരുന്നു.
ഇപ്പോൾ സബ് താലൂക്ക് പ്രവർത്തിച്ചു വരുന്ന കെട്ടിടത്തിന്റെ കോമ്പൗണ്ട് വഴിയാണ് മിനി സിവിൽ സ്റ്റേഷനിലേക്കുള്ള ഗേറ്റ് സ്ഥാപിക്കുന്നത്. ഇവിടെ ബാക്കിയുള്ള സ്ഥലം ടൈൽ പാകി പാർക്കിംഗിനും സൗകര്യം ഏർപ്പെടുത്തും. ഇതിനാവശ്യമായി വരുന്ന തുക എം.എൽ.എ യുടെ ഫണ്ടിൽ നിന്ന് അനുവദിക്കുമെന്ന് പി.ടി.എ. റഹീം അറിയിച്ചു.
8. 2 കോടി ചെലവിൽ പ്രവൃത്തി പൂർത്തീകരിച്ച മിനി സിവിൽസ്റ്റേഷനിലേക്കുള്ള പ്രവേശനം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട് വഴിയായിരുന്നു കണ്ടുവെച്ചിരുന്നത്. ഇവിടെയുള്ള സ്ഥലം പാർക്കിംഗിന് ഉപയോഗപ്പെടുത്താമെന്നും കരുതിയിരുന്നു, എന്നാൽ ബ്ലോക്ക് ഭരണസമിതി ആ സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിക്കാൻ അനുമതി നൽകിയതോടെയാണ് മിനി സിവിൽ സ്റ്റേഷനിൽ പാർക്കിംഗിന് സൗകര്യമില്ലാത്ത അവസ്ഥയുണ്ടായത്.
പി.ടി.എ റഹീം എം.എൽ.എ, എ.ഡി.എം രോഷ്നി നാരായണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയിൽ, വൈസ് പ്രസിഡന്റ് പി. ശിവദാസൻ നായർ, മെമ്പർ രാജീവ് പെരുമൺപുറ, പൊതുമരാമത്ത് കെട്ടിട വിഭാഗം അസി. എൻജിനിയർ സി.വിജയലക്ഷ്മി തുടങ്ങിയവരും മറ്റു ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചാണ് പാർക്കിംഗിനും പ്രവേശന മാർഗത്തിനും സ്ഥലം ലഭ്യമാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത്.