കൊയിലാണ്ടി: ഭൗതികസൗകര്യങ്ങളുടെ അപര്യാപ്തതകൾ ഒന്നൊന്നായി മറികടന്ന് മുചുകുന്ന് എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജ് മാതൃകാ സർക്കാർ കലാലയങ്ങളുടെ നിരയിലേക്ക്. 'വിഷൻ 2025' മാസ്റ്റർ പ്ലാനിൽ ലക്ഷ്യമിട്ട പ്രവൃത്തികൾ അടുത്ത വർഷത്തോടെ തന്നെ ഏതാണ്ട് പൂർത്തിയാവുകയാണ്.
കഴിഞ്ഞ നാലു വർഷത്തിനിടയിൽ 26 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കോളേജിൽ നടന്നത്. 45 കോടി രൂപയുടേതാണ് 2016 ൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ സഹായത്തോടെ രൂപം നൽകിയ വികസന മാസ്റ്റർ പ്ലാൻ.
അക്കാഡമിക് ബ്ലോക്കിന്റെയും മെൻസ് ഹോസ്റ്റലിന്റെയും കെട്ടിട ശിലാസ്ഥാപനം ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2. 30ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലിൽ നിർവഹിക്കും. കോളേജ് സ്റ്റേഡിയം, ചുറ്റുമതിൽ, ലേഡീസ് ഹോസ്റ്റൽ എന്നിവ നേരത്തെ പൂർത്തിയായതാണ്. ലൈബ്രറി കോംപ്ലക്സിന് ടെൻഡർ നടപടി പൂർത്തീകരിച്ചു കഴിഞ്ഞു. മാർച്ച് മാസത്തോടെ പണി ആരംഭിക്കാനാവും.
ഭൗതികസൗകര്യങ്ങളിൽ ബഹുദൂരം മുന്നേറിയെങ്കിലും കോഴ്സുകളുടെ അഭാവം കോളേജിൽ പ്രകടമാണ്. 2012ന് ശേഷം ആരംഭിച്ച കോളേജുകളിൽ പോലും നാലും അഞ്ചും കോഴ്സുകൾ അനുവദിച്ചപ്പോൾ 45 വർഷത്തെ പഴക്കമുള്ള മുചുകുന്ന് ഗവ.കോളേജിൽ മൂന്ന് ഡിഗ്രി കോഴ്സുകൾ മാത്രമാണ് ഇപ്പോഴുമുള്ളൂ.
തുടക്കം ബോയ്സ് സ്കൂളിൽ നിന്ന്
കൊയിലാണ്ടി ബോയ്സ് സ്കൂളിന്റെ കെട്ടിടങ്ങളിലൊന്നിൽ 1975 ലാണ് ഗവ. കോളേജ് പ്രവർത്തനമാരംഭിച്ചത്. 1985-ൽ മുചുകുന്നിലെ സ്വന്തം കെട്ടിടത്തിലേക്ക് മാറി. അക്കാലത്ത് രണ്ട് ഷിഫ്റ്റുകളിലായി പ്രീഡിഗ്രി തേഡ്, ഫോർത്ത് ഗ്രൂപ്പുകളിലായി 4 ബാച്ചാണുണ്ടായിരുന്നത്. 1991ൽ ബി കോം തുടങ്ങി. പ്രീഡിഗ്രി വേർപെടുത്തിയതോടെ ഡിഗ്രി കോഴ്സുകൾക്ക് തുടക്കമായി. ഇപ്പോൾ മൂന്ന് ഡിഗ്രി (കോമേഴ്‌സ്, ഹിസ്റ്ററി, ഫിസിക്സ് ) കോഴ്സുകളും രണ്ട് പി ജി (ഫിസിക്സ്, കോമേഴ്‌സ് ) കോഴ്സുകളുമാണുള്ളത്.
''അക്കാഡമിക് ബ്ലോക്ക്, ലൈബ്രറി കോംപ്ളക്സ്, മെൻസ് ഹോസ്റ്റൽ എന്നിവയുടെ കൂടി നിർമ്മാണം കഴിയുന്നതോടെ മാസ്റ്റർ പ്ലാനിൽ വിഭാവനം ചെയ്ത മുഴുവൻ വികസന പ്രവർത്തനങ്ങളും നേരത്തെ തന്നെ പൂർണമാവും.
കെ.ദാസൻ എം.എൽ.എ