മാനന്തവാടി: വിധവയായ വീട്ടമ്മ റോഡരികിൽ നടത്തിയിരുന്ന പെട്ടിക്കട ഡി.എഫ്.ഒ യുടെ നേതൃത്വത്തിൽ വനം വകുപ്പ് ജീവനക്കാർ രാത്രിയിൽ പൊളിച്ച് മാറ്റി. ഇതിൽ പ്രതിഷേധിച്ച് വഴിയോര കച്ചവടക്കാർ സി.ഐ.ടി.യു വിന്റെ നേതൃത്വത്തിൽ ഡി.എഫ്.ഒ ഓഫീസിന് മുന്നിൽ ഉപരോധം സമരം നടത്തി. നാലു വർഷമായി പുൽപ്പള്ളി, പാക്കം സ്വദേശിനിയായ കമല ഡി.എഫ്.ഒ ഓഫീസ് മതിലിന് പുറത്ത് റോഡരികിൽ കച്ചവടം നടത്തി വരികയായിരുന്നു. മുമ്പും നിരവധി തവണ വനം വകുപ്പ് ഉദ്യോഗസ്ഥർ കച്ചവടം ഒഴിപ്പിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിന്തിരിയുകയുമായിരുന്നു.
നഗരസഭ സെക്രട്ടറി ചെയർമാനും കൗൺസിലർമാർ, തഹസിൽദാർ റാങ്കിലുള്ള റവന്യു ഉദ്യോഗസ്ഥൻ, നഗരത്തിന്റെ ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥൻ, ടൗൺ പ്ലാനർ, വഴിയോര കച്ചവടക്കാരുടെ പ്രതിനിധികൾ എന്നിവർ അംഗങ്ങളുമായ ടൗൺ വെൻഡിംഗ് കമ്മിറ്റി യോഗം റോഡരികിൽ കച്ചവടം ചെയ്യാൻ കമലയ്ക്ക് അനുമതി നൽകിയിരുന്നു. എന്നാൽ തിങ്കളാഴ്ച രാത്രി നോർത്ത് വയനാട് ഡി.എഫ്.ഒ രമേശ് ബിഷ്‌ണോയിയുടെ നേതൃത്വത്തിൽ കടയോട് ചേർന്നുള്ള ഷെഡ് പൊളിച്ച് നീക്കുകയായിരുന്നു. ഡി.എഫ്.ഒ യുടെ ഭാര്യയെ റോഡരികിൽ നിന്നവർ അപമാനിച്ചതാണ് ധൃതി പിടിച്ചുള്ള നടപടിക്ക് പിന്നിലെന്ന് പറയുന്നു.
സംഭവമറിഞ്ഞ് സി.പി.എം പ്രവർത്തകർ രാത്രിയിൽ തന്നെ പ്രതിഷേധവുമായി എത്തിയിരുന്നു. ഓഫീസ് ഗേറ്റിന് മുന്നിൽ നടത്തിയ ഉപരോധ സമരം എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.വി.മോഹനൻ ഉദ്ഘാടനം ചെയ്തു. മാനന്തവാടി സി.ഐ എം.എം.അബ്ദുൽ കരീം ഇടപെട്ട് ഡി.എഫ്.ഒ യുമായി നടത്തിയ ചർച്ചയിൽ ഈ മാസം 29 വരെ തൽസ്ഥിതി തുടരാനും, ഡിവൈ.എസ്.പിയുടെ സാന്നിദ്ധ്യത്തിൽ വീണ്ടും ചർച്ച നടത്താനും തീരുമാനിച്ചു.
നഗരസഭ ചെയർപേഴ്സൺ വി.ആർ.പ്രവീജ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ടി.ബിജു, സി.ഐ.ടി.യു ജില്ലാ പ്രസി: പി.വി.സഹദേവൻ, കെ.എം.വർക്കി, വി.അഷ്‌റഫ്, ടി.കെ.പ്രശാന്ത് എന്നിവർ ചർച്ചയിൽ സംബന്ധിച്ചു.