കോഴിക്കോട്: സംസ്ഥാനത്ത് ഈ വർഷം ഒരു കോടി വൃക്ഷത്തൈ വച്ചു പിടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു.
'മിഷൻ തെളിനീർ ' ജില്ലാതല ഉദ്ഘാടനം പെരുവയലിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഗ്രാമപഞ്ചായത്തിലെ കറുത്തേടത്ത്പറമ്പ് കുളമാണ് ശുചീകരിച്ചത്.
ഓരോ വീട്ടിലും എന്തു മരം വച്ചു പിടിപ്പിക്കണമെന്നത് പഞ്ചായത്ത്, വാർഡ്, അയൽക്കൂട്ട തലത്തിൽ തീരുമാനമെടുക്കണം.. ജില്ലയിലെ നിരവധി കുളങ്ങൾ ശുചീകരിച്ച് ശുദ്ധജലം ഉറപ്പുവരുത്താൻ ശ്രമം നടക്കുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം പദ്ധതികളെല്ലാം വിജയകരമായി മാറുന്നത് ജനപങ്കാളിത്തത്തിലൂടെയാണ്.
പുറമ്പോക്ക് ഭൂമി, പഞ്ചായത്ത് കൈവശമുള്ള ഭൂമി, റവന്യൂ ഭൂമി തുടങ്ങിയവയിൽ ജില്ലാ ഭരണകൂടത്തിന്റെ അംഗീകാരത്തോടെ ധാരാളം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് ഒരു പഞ്ചായത്തിൽ ഒന്നോ രണ്ടോ എന്ന രീതിയിൽ പച്ചത്തുരുത്തുകൾ നിർമ്മിക്കണം. നാടിന്റെ മലിനീകരണം തടയുന്നതിനും ശുദ്ധവായു, ശുദ്ധജലം എന്നിവ ലഭ്യമാക്കുന്നതിനും ഇവ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു.
പി.ടി.എ റഹീം എം എൽ എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ജലസംരക്ഷണ സന്ദേശം നൽകി. ജില്ലാ കളക്ടർ എസ്. സാംബശിവറാവു ജലപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം നസീബ റായ്, പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വൈ.വി. ശാന്ത, വൈസ് പ്രസിഡന്റ് ജുമൈല കുന്നുമ്മൽ, സ്ഥിരംസമിതി അംഗം പി കെ ഷറഫുദ്ദീൻ, ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി പ്രകാശ്, ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.എം സൂര്യ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എസ് സിന്ധു തുടങ്ങിയവർ സംസാരിച്ചു.