കോഴിക്കോട് : വെള്ളം സൂക്ഷ്മതയോടെ ഉപയോഗിക്കാൻ കർഷകർ തയ്യാറാകണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.
വെള്ളം അമിതമായി ഉപയോഗിച്ചാൽ കൂടുതൽ വിളവ് ലഭിക്കുമെന്ന തെറ്റായ ധാരണ ചിലർക്കുണ്ട്. കുടിവെള്ളം വരുംതലമുറയ്ക്ക് കൂടി ഉപയോഗപ്പെടുത്താൻ കഴിയുംവിധം വിനിയോഗത്തിൽ സൂക്ഷ്മത ഉറപ്പാക്കണം.
ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ മൂന്നാമത് ഇന്ത്യൻ നാഷണൽ ഭൂഗർഭജല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ഡോ.കെ.പി.സുധീർ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ. റഹീം എം.എൽ.എ പ്രബന്ധസമാഹാരം പ്രകാശനം ചെയ്തു. ജലവിഭവ മന്ത്രാലയം അഡിഷണൽ ഡയറക്ടർ ടി. രാജേശ്വരി, സി.ഡബ്ല്യു.ആർ.ഡി.എം എക്‌സിക്യൂട്ടിവ് ഡയറക്ടർ എ.ബി. അനിത, ഗ്രൗണ്ട് വാട്ടർ ഡിവിഷൻ ഹെഡ് സി.എം. സുശാന്ത്, സി.ജി.ഡബ്ല്യു.ബി റീജിയണൽ ഡയറക്ടർ സഞ്ജയ് മർവ, എൻ.ഐ.ടി ഡയറക്ടർ ഡോ.ശിവാജി ചക്രവർത്തി, എ.ജി.ജി.എസ് സ്ഥാപക പ്രസിഡന്റ് ഡോ എം. തങ്കരാജൻ, പ്രസിഡന്റ് ഡോ എ.എൽ.രാമനാഥൻ, തുടങ്ങിയവർ സംസാരിച്ചു.
മുന്നൂറോളം പ്രതിനിധികൾ പങ്കെടുക്കുന്ന ഭൂഗർഭജല സമ്മേളനത്തിൽ ഇരുന്നൂറോളം പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നുണ്ട്. റഷ്യ, കാനഡ, അമേരിക്ക, നൈജീരിയ, ബംഗ്ലാദേശ്, ഫ്രാൻസ്, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖരും പ്രതിനിധികളാണ്.
സുസ്ഥിര വികസനത്തിന് തീരപ്രദേശങ്ങളിലെയും നഗരപ്രദേശങ്ങളിലെയും പരിസ്ഥിതിയ്ക്ക് പ്രത്യേകം ഊന്നൽ നൽകിയുള്ള ഭൂഗർഭജല പരിപാലനമാണ് മൂന്നാമത് ഭൂഗർഭജല സമ്മേളനത്തിൽ പ്രധാനമായും ലക്ഷ്യമിടുന്നത്. 20 ന് സമ്മേളനം സമാപിക്കും.