കോഴിക്കോട്: സൗരോർജ്ജത്തിൽ നിന്നു പ്രതിദിനം ആയിരം മെഗാവാട്ട് വൈദ്യുതി തദ്ദേശീയമായി ഉത്പാദിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് വൈദ്യുതി വകുപ്പു മന്ത്രി എം.എം.മണി പറഞ്ഞു.
നടക്കാവ് ഇംഗ്ലീഷ് ചർച്ച് പാരിഷ് ഹാളിൽ ജില്ലാ വൈദ്യുതി അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെട്ടിടങ്ങൾക്കു മുകളിലും ജലോപരിതലത്തിലും സൗരോർജ്ജ പാനലുകൾ സ്ഥാപിച്ച് 500 മെഗാവാട്ട് വീതം വൈദ്യുതോത്പാദനം ലക്ഷ്യമിടുന്നു. സൗരോർജ്ജം ഇത്തരത്തിൽ ഫലപ്രദമായി വിനിയോഗിച്ചില്ലെങ്കിൽ വൈദ്യുതി മേഖലയിൽ നമുക്ക് സുസ്ഥിരത കൈവരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ആവശ്യമായതിന്റെ 30 ശതമാനം വൈദ്യുതി മാത്രമേ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നുള്ളൂ. ഹ്രസ്വകാല, ദീർഘകാല കരാറുകൾ വഴി 70 ശതമാനം പുറത്തുനിന്നു വാങ്ങുകയാണ്.
പെരുവണ്ണാമൂഴി, പള്ളിവാസൽ തുടങ്ങിയ ചെറുകിട ജലസേചനപദ്ധതികൾ ഫലപ്രദമാക്കും. ഇടുക്കിയിൽ ഒരു ഭൂഗർഭ പവർഹൗസ് കൂടി നിർമിക്കുന്ന കാര്യം പരിഗണനയിലാണെന്നും അറിയിച്ചു.
തൊഴിൽ വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
ഉപഭോക്താക്കളുടെ പരാതികളും അപേക്ഷകളും അതത് കൗണ്ടറുകളിൽ സ്വീകരിച്ചു. ഉത്പാദനം സംബന്ധിച്ച ഏഴും വിതരണം സംബന്ധിച്ച് ഒൻപതുമടക്കം 930 പരാതികളാണ് അദാലത്തിൽ ലഭിച്ചത്. 505 പരാതികൾ അദാലത്തിൽ പരിഹരിച്ചു. 266 പരാതികൾ തുടർ നടപടിക്കായി മാറ്റി. ശേഷിക്കുന്നവയിൽ തുടരന്വേഷണം നടത്തി നടപടി സ്വീകരിക്കും.
കെ എസ് ഇ ബി ചെയർമാൻ എൻ.എസ്.പിള്ള അദാലത്തിനെക്കുറിച്ച് വിശദീകരിച്ചു. കോർപ്പറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ മുഖ്യാതിഥിയായിരുന്നു. എം.എൽ.എ മാരായ എ.പ്രദീപ് കുമാർ, വി.കെ.സി മമ്മദ് കോയ, കാരാട്ട് റസാഖ്, പാറയ്ക്കൽ അബ്ദുള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കൗൺസിലർ പൊറ്റങ്ങാടി കിഷൻചന്ദ് തുടങ്ങിയവർ സംബന്ധിച്ചു.