കോഴിക്കോട്: ആളുകളുടെ സംസ്‌കാരത്തിലും പെരുമാറ്റത്തിലും മാറ്റമുണ്ടാക്കാൻ നാട്ടിൻപുറത്തെ ഗ്രന്ഥശാലകൾക്ക് സാധിക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. ഈന്താട് വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഗ്രന്ഥാലയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മന്ത്രി എ.കെ. ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എലത്തൂർ എം.എൽ.എ കൂടിയായ മന്ത്രി എ.കെ. ശശീന്ദ്രന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ ഉപയോഗിച്ചാണ് ഗ്രന്ഥശാലക്കുള്ള ഇരുനില കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഇ.എം.എസ് ഹാളിന്റെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ചന്ദ്രൻ നിർവഹിച്ചു. ഭരണഘടന ആമുഖം അനാഛാദനം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ശോഭന നിർവഹിച്ചു. ഗാന്ധിജിയുടെ ഛായാചിത്രം കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജമീല അനാഛാദനം ചെയ്തു. ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അംഗം മുക്കം മുഹമ്മദ്, കാക്കൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.എം. രതീഷ്, ബിലിഷ രമേശ് തുടങ്ങിയവർ പങ്കെടുത്തു.