പുതുപ്പാടി: സ്വപ്‌നതുല്യമായ മാറ്റങ്ങളാണ് ആരോഗ്യമേഖലയിൽ ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയുകയായിരുന്നു മന്ത്രി. കിടത്തിചികിത്സയേക്കാൾ മികച്ച സേവനങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്നത്. ജീവിതശൈലി രോഗങ്ങളെക്കുറിച്ച് പ്രാഥമിക അറിവ് നൽകുന്ന കേന്ദ്രമായി കുടുംബാരോഗ്യ കേന്ദ്രങ്ങൾ മാറണമെന്നും മന്ത്രി പറഞ്ഞു.
ജോർജ് എം. തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. 108 ആംബുലൻസിന്റെ ഫ്ളാഗ് ഓഫും ഇ-ഹെൽത്ത് യു.എച്ച്.ഐഡി കാർഡ് വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഡി.എം.ഒ ഡോ. വി. ജയശ്രീ റിപ്പോർട്ടവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുട്ടിയമ്മ മാണി, ജില്ലാ പഞ്ചായത്ത് അംഗം വി.ഡി. ജോസഫ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ. നവീൻ, ആർദ്രം മിഷൻ നോഡൽ ഓഫീസർ ഡോ. ആശാ ദേവി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഐബി റെജി, എം.ഇ. ജലീൽ, പഞ്ചായത്ത് അംഗം ആർ.എം. അബ്ദുൽ റസാക്ക്, പുതുപ്പാടി സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സി. വേലായുധൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ. രാകേഷ് സ്വാഗതവും മെഡിക്കൽ ഓഫീസർ സഫീന മുസ്തഫ നന്ദിയും പറഞ്ഞു.