കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ റോയ് തോമസ് കേസിൽ ഒന്നാം പ്രതി ജോളി ജോസഫിന്റെയും മറ്റു നാലു കേസുകളിൽ രണ്ടാം പ്രതിയായ എം.എസ്. മാത്യുവിന്റെയും ജാമ്യഹർജി സെഷൻസ് കോടതി തള്ളി.
ജോളിയ്ക്ക് വേണ്ടി അഡ്വ.ബി.എം.ആളൂരാണ് ഹാജരായത്. വ്യക്തമായ തെളിവുകളില്ലാതെ കല്പിതകഥകൾ മെനഞ്ഞ് ജോളിയെ പ്രതിയാക്കിയതാണെന്നായിരുന്നു ആളൂരിന്റെ വാദം. എല്ലാ കേസുകളിലും കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചു. എന്നാൽ സെഷൻസ് ജഡ്ജി എം.ആർ. അനിത ഈ വാദങ്ങൾ നിരാകരിക്കുകയായിരുന്നു.
ആരെയെങ്കിലും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് എം.എസ്.മാത്യു സയനൈഡ് എത്തിച്ചതെന്നതിന് യാതൊരു തെളിവുമില്ലെന്ന് രണ്ടാം പ്രതിയ്ക്ക് വേണ്ടി ഹാജരായ അഡ്വ.ഷഹീർ സിംഗ് വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാദ്ധ്യതയുണ്ടെന്നും മുഖ്യപ്രതി ജോളി ആത്മഹത്യ ചെയ്തേക്കാമെന്നുമുള്ള സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.എൻ.കെ. ഉണ്ണികൃഷ്ണന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
സിലി വധക്കേസിൽ ജോളിയുടെ ജാമ്യാപേക്ഷ സെഷൻസ് കോടതി 22ന് പരിഗണിക്കും.