സുൽത്താൻ ബത്തേരി : ദേശീയപാത 766-ലെ യാത്രാ നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പുതിയ ആക്ഷൻ കമ്മറ്റി നിലവിൽ വന്നു. ആക്ഷൻ കമ്മറ്റി ചെയർമാനായി ഐ.സി.ബാലകൃഷ്ണൻ എം.എൽ.എയും ജനറൽ കൺവീനറായി പി.എം.ജോയിയേയും തിരഞ്ഞെടുത്തു. ട്രഷറായി ഇ.പി.മോഹൻ ദാസ്, കോർഡിനേറ്റർമാരായി എൻ.എം.വിജയൻ, പി.പി.അയ്യൂബ്ബ് എന്നിവരെയും രക്ഷാധികാരികളായി ബിഷപ്പ് ഡോ.ജോസഫ് മാർ തോമസ്, എം.എ.മുഹമ്മദ്ജമാൽ,കെ.ജി.ഗോപാലപിള്ള, കെ.കെ.വാസുദേവൻ എന്നിവരെയും തിരഞ്ഞെടുത്തു.
ആക്ഷൻ കമ്മറ്റി രൂപീകരണ യോഗത്തിൽ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പി.വി.ബാലചന്ദ്രൻ, എൻ.കെ.റഷീദ്, കെ.എൽ.പൗലോസ്, പി.എം.ജോയി, വട്ടക്കാരി മജിദ്, കെ.കെ.അബ്രഹാം, പി.പി.അയ്യൂബ്ബ്, എം.എ. അസൈനാർ, ഇ.പി.മോഹൻദാസ്, എൻ.എം.വിജയൻ, പട്ടാമ്പി കാദർ, ഡി.പി.രാജശേഖരൻ, ആർ.പി.ശിവദാസ്, കണ്ണിവട്ടം കേശവൻചെട്ടി, അഡ്വ.വേണുഗോപാൽ,കെ.പി.യൂസഫ്ഹാജി, വി.മുഹമ്മദ് ശെരീഫ്, കെ.കെ.വിശ്വനാഥൻ, ടിജിചെറുതോട്ടിൽ, ഷബീർ അഹമ്മദ്, ബാബു പഴുപ്പത്തുർ എന്നിവർ സംസാരിച്ചു. വരും ദിവസങ്ങളിൽ ബഹുജന കൺവെൻഷനുകൾ വിളിച്ചുചേർക്കാനും കേരള -കർണാടക മുഖ്യ മന്ത്രിമാരെ കാണുവാനും തീരുമാനിച്ചു.
യാത്രാ നിരോധനവുമായി ബന്ധപ്പെട്ട് സമരം കൂടുതൽ ശക്തമാക്കുമെന്ന് പുതുതായി രൂപീകരിച്ച ആക്ഷൻ കമ്മറ്റി ഭാരവാഹികൾ അറിയിച്ചു. നിയമപരമായും അല്ലാതെയുമുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകും. ട്രാൻസ്‌പോർട്ട് പ്രൊട്ടക്ഷൻ ആക്ഷൻ കമ്മറ്റിക്ക് ദേശീയപാത സംരക്ഷിക്കുന്നതിന് വേണ്ട ഒരു മുന്നേറ്റവും നടത്താൻ കഴിയാത്തതിനാലാണ് പുതിയ ആക്ഷൻ കമ്മറ്റി രൂപീകരിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.
പുതിയ അഫിഡവിറ്റിൽപോലും മൂന്ന് ബദൽ പാതകൾ കാണിച്ചപ്പോഴും ദേശീയപാത 766-ന് ബദൽ പാതയില്ലെന്ന് കാണിക്കാത്തത് സംസ്ഥാന സർക്കാർ കാണിക്കുന്ന വഞ്ചനയാണ്.
സംസ്ഥാന സർക്കാർ ചില ലോബികൾക്ക് വേണ്ടി ദേശീയപാത 766-നെ അട്ടിമറിക്കുകയാണ്. നിരന്തരമായി ദേശിയപാതയോട് സർക്കാർ അവഗണന കാട്ടിയിട്ടും അതിനെതിരെ ഒരു പ്രതിഷേധം പോലും പ്രകടിപ്പിക്കാൻ കഴിയാത്ത പ്രൊട്ടക്ഷൻ കമ്മറ്റിയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് കമ്മറ്റിയുടെ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറി നിൽക്കേണ്ടി വന്നതെന്ന് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ പറഞ്ഞു.റോഡിന് വേണ്ടി സർക്കാരിൽ ശബ്ദമുയർത്തിയില്ലെങ്കിൽ റോഡ് അടയ്ക്കുമെന്ന് ബോധ്യം വന്നതുകൊണ്ടാണ് പുതിയ ആക്ഷൻ കമ്മറ്റി രൂപീകരിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.